10/06/2026
[fontresizer_tawhidurrahmandear_widget]

കുട്ടികൾക്കുള്ള വാക്‌സിനുകൾ വെട്ടിക്കുറച്ച് അമേരിക്ക; ആശങ്ക അറിയിച്ച് ആരോഗ്യലോകം

 കുട്ടികൾക്കുള്ള വാക്‌സിനുകൾ വെട്ടിക്കുറച്ച്  അമേരിക്ക; ആശങ്ക അറിയിച്ച് ആരോഗ്യലോകം

വാഷിങ്ടണ്‍: കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് പട്ടികയിൽ (Vaccine Schedule) വൻ വെട്ടിച്ചുരുക്കലുകൾ വരുത്തി അമേരിക്കൻ ഭരണകൂടം പുതിയ മാർഗരേഖ പുറത്തിറക്കി. യുഎസ് ആരോഗ്യവകുപ്പ് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറുടെ നേതൃത്വത്തിലുള്ള തീരുമാനം അമേരിക്കയുടെ പൊതുജനാരോഗ്യ ചരിത്രത്തിലെ തന്നെ അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഈ നീക്കം രാജ്യത്തെ കുട്ടികളെ മാരകമായ പകർച്ചവ്യാധികളിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ആരോഗ്യ വിദഗ്ധർ രംഗത്തെത്തി.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം, ഇതുവരെ എല്ലാ കുട്ടികൾക്കും നിർബന്ധമായി നൽകിയിരുന്ന പല വാക്‌സിനുകളും ഇനിമുതൽ ‘എല്ലാവർക്കും’ ശിപാർശ ചെയ്യില്ല. പകരം, ഉയർന്ന ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്കോ ഡോക്ടർമാർ പ്രത്യേകമായി നിർദേശിക്കുന്നവർക്കോ മാത്രമായി ഇവ പരിമിതപ്പെടുത്തി.

ഒഴിവാക്കപ്പെട്ടവ/നിയന്ത്രിക്കപ്പെട്ടവ: ഇൻഫ്‌ലുവൻസ (Flu), റോട്ടവൈറസ്, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, ന്യൂമോകോക്കൽ, ആർഎസ്‌വി (RSV), കോവിഡ്-19, എച്ച്പിവി (HPV) തുടങ്ങിയവ.

നിലനിർത്തിയവ: പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ (DTaP), അഞ്ചാംപനി-മുണ്ടിനീര്-റൂബെല്ല (MMR), ചിക്കൻപോക്സ് തുടങ്ങിയ 11 അടിസ്ഥാന രോഗങ്ങൾക്കുള്ള വാക്സിനുകൾ മാത്രമാണ് ഇനി എല്ലാ കുട്ടികൾക്കും സാധാരണയായി ശിപാർശ ചെയ്യുക.

മറ്റ് വികസിത രാജ്യങ്ങളിലെ വാക്‌സിൻ നയങ്ങളുമായി അമേരിക്കയുടേതിനെ തുലനം ചെയ്യാനാണ് ഈ മാറ്റമെന്ന് ട്രംപ് ഭരണകൂടം വിശദീകരിക്കുന്നു. ഏറ്റവും അനിവാര്യമായവ മാത്രം പട്ടികയിൽ നിലനിർത്തുന്നത് പൊതുജനങ്ങൾക്ക് വാക്‌സിനുകളിലുള്ള വിശ്വാസം വർധിപ്പിക്കാൻ സഹായിക്കുമെന്ന് റോബർട്ട് എഫ്. കെന്നഡി ജൂനിയർ വ്യക്തമാക്കി. തീരുമാനം ധീരവും യുക്തിസഹവുമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചു.

അതേസമയം, അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഉൾപ്പെടെയുള്ള സംഘടനകൾ തീരുമാനത്തെ ശക്തമായി എതിർത്തു. വാക്‌സിനേഷൻ നിരക്ക് കുറയുന്നത് സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷിയെ ബാധിക്കുമെന്നും, അഞ്ചാംപനി, വില്ലൻ ചുമ പോലുള്ള രോഗങ്ങൾ വീണ്ടും പടർന്നുപിടിക്കാൻ ഇത് കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഹെപ്പറ്റൈറ്റിസ് ബി പോലുള്ള വാക്സിനുകൾ കുട്ടികളിൽനിന്ന് ഒഴിവാക്കുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

സ്കൂൾ പ്രവേശനത്തിന് ഏതൊക്കെ വാക്സിനുകൾ നിർബന്ധമാക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കാണ്. അതിനാൽ, ഫെഡറൽ സർക്കാർ പട്ടിക വെട്ടിച്ചുരുക്കിയാലും, കാലിഫോർണിയ, വാഷിങ്ടൺ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങൾ നിലവിലുള്ള കർശനമായ വാക്സിൻ നയം തന്നെ തുടരാനാണ് സാധ്യത. സിഡിസിയുടെ പുതിയ നിർദേശങ്ങളെ മറികടക്കാൻ ഇത്തരം സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് സഖ്യങ്ങൾ രൂപീകരിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.

Also read: