27/01/2026

കോട്ടയത്ത് സ്‌കൂട്ടറിൽ സഞ്ചരിക്കവേ തോക്ക് പൊട്ടി വെടിയേറ്റ് അഭിഭാഷകൻ മരിച്ചു

 കോട്ടയത്ത് സ്‌കൂട്ടറിൽ സഞ്ചരിക്കവേ തോക്ക് പൊട്ടി വെടിയേറ്റ്  അഭിഭാഷകൻ മരിച്ചു

കോട്ടയം: ഉഴവൂരിൽ സ്‌കൂട്ടർ മറിഞ്ഞ് തോക്ക് അബദ്ധത്തിൽ പൊട്ടി അഭിഭാഷകന് ദാരുണാന്ത്യം. ഉഴവൂർ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ഉഴവൂർ പയസ്മൗണ്ട് ഭാഗത്തെ പോക്കറ്റ് റോഡിലായിരുന്നു അപകടം.

ലൈസൻസുള്ള തോക്കുമായി നായാട്ടിന് പോകുകയായിരുന്നു ജോബി. പയസ്മൗണ്ട് നീരുരുട്ടി റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ മുൻഭാഗത്ത് സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിയുണ്ട ജോബിയുടെ തലയിൽ തുളച്ചുകയറുകയും, സംഭവസ്ഥലത്തുതന്നെ മരിച്ചതായി കുറവിലങ്ങാട് പോലീസ് അറിയിച്ചു.

വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് റോഡിൽ വീണുകിടക്കുന്ന ജോബിയെ കണ്ടത്. വർഷങ്ങളായി ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് നായാട്ടിന് പോകുന്ന ശീലമുള്ളയാളാണ് ഇദ്ദേഹം. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിട്ടുണ്ട്.

Also read: