27/01/2026

കിങ്സ് കപ്പിൽ റയലിന് നാണക്കേട്; ബാഴ്സ ഇന്നിറങ്ങും

 കിങ്സ് കപ്പിൽ റയലിന് നാണക്കേട്; ബാഴ്സ ഇന്നിറങ്ങും

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് സ്പാനിഷ് കിങ്സ് കപ്പ് (കോപ ദെൽ റേ) പ്രീക്വാർട്ടറിൽ വമ്പന്മാരായ റയൽ മാഡ്രിഡ് പുറത്ത്. രണ്ടാം ഡിവിഷനിൽ തപ്പിത്തടയുന്ന അൽബാസെറ്റെ ബലോംപിയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റയലിന്റെ ചിറകരിഞ്ഞ് ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് സാധ്യമാക്കിയത്. സ്പാനിഷ് സൂപ്പർ കോപ്പ ഫൈനലിൽ ബാഴ്സയോട് തോറ്റ റയലിന് കോപ ദെൽ റേ പരാജയം വൻ ആഘാതമായി. പുറത്താക്കപ്പെട്ട ഷാബി അലോൻസോയ്ക്ക് പകരമെത്തിയ കോച്ച് അൽവാരോ അർബലോവയുടെ തുടക്കവും വൻ ശോകമായി.

ആവേശകരമായ പോരാട്ടത്തിന്റെ 42-ാം മിനിറ്റിൽ ഹാവി വിയ്യാറിലൂടെ അൽബാസെറ്റെയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ യുവതാരം ഫ്രാങ്കോ മസ്താൻതുവോണോയിലൂടെ റയൽ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയത്തിനായി പൊരുതുന്നതിനിടെ, 82-ാം മിനിറ്റിൽ ജെഫ്‌റ്റെ ബെറ്റാൻകോർ അൽബാസെറ്റെയെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ ഗോൺസാലോ ഗാർഷ്യ നേടിയ ഗോളിലൂടെ മത്സരം അധികസമയത്തേക്ക് നീളുമെന്ന് റയൽ കരുതിയെങ്കിലും 94-ാം മിനിറ്റിൽ അൽബാസെറ്റെ ഞെട്ടിച്ചു. റയലിന്റെ ആക്രമണം ഭേദിച്ചുള്ള പ്രത്യാക്രമണത്തിനൊടവിൽ ജെഫ്‌റ്റെ തന്റെ രണ്ടാം ഗോൾ നേടിയതോടെയാണ് റയൽ ദുരന്തം അഭിമുഖീകരിച്ചത്.

രണ്ടാം ഡിവിഷനിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഒരു ടീമിനോട് തോറ്റ് പുറത്തായത് റയൽ മാഡ്രിഡ് ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് അൽബാസെറ്റെ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തുന്നത്. തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും താരങ്ങളുടെ പ്രകടനത്തിൽ അഭിമാനിക്കുന്നുവെന്നും മത്സരശേഷം അർബലോവ പ്രതികരിച്ചു. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനി റയലിന്റെ ശ്രമം.

പ്രീക്വാർട്ടറിലെ മറ്റ് മത്സരങ്ങളിൽ എൽക്കെയെ 2-1 ന് വീഴ്ത്തി റയൽ ബെറ്റിസും, റയോ വയക്കാനോയെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് അലാവസും, ഒസാസുനയെ ഷൂട്ടൗട്ടിൽ മറികടന്ന് റയൽ സോഷ്യദാദും, ഡിപോർട്ടിവോയെ ഒരു ഗോളിന് വീഴ്ത്തി അത്‌ലറ്റികോ മാഡ്രിഡും, കൾച്ചറൽ ലിയോനോസയെ 3-4ന് കീഴടക്കി അത്‌ലറ്റിക് ക്ലബ്ബും മുന്നേറി. ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 1.30 ന് ബാഴ്‌സലോണ റേസിങ്ങിനെയും വലൻസിയ ബർഗോസിനെയും നേരിടുന്നുണ്ട്.

Also read: