ഇരുകൈകളും കൂട്ടിക്കെട്ടി ബലാൽസംഗം ചെയ്ത് കഴുത്തു ഞെരിച്ചു കൊന്നു; കരുവാരകുണ്ടിൽ ഒൻപതാം ക്ലാസുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി
കരുവാരകുണ്ട്: 14 വയസ്സുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടി ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പെൺകുട്ടിയെ അനുനയിപ്പിച്ച് ബസിലും ട്രെയിനിലുമായി കൊണ്ടുപോയ ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ചാണ് കൃത്യം നടത്തിയത്. പ്രണയത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതും മറ്റൊരാളുമായി സൗഹൃദത്തിലാണെന്ന സംശയവുമാണ് പ്രതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.
അതേസമയം, പ്രതി ലഹരിക്ക് അടിമയാണോ എന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ആൺകുട്ടിയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായിരുന്നതായും പെൺകുട്ടിയുടെ വീട്ടിലെത്തി ഇയാൾ ബഹളം വെച്ചിരുന്നതായും വിവരമുണ്ട്. പ്രതിയെ ഭയന്നിരുന്നതായി പെൺകുട്ടി നേരത്തെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
പ്രതി ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.