03/04/2026
[fontresizer_tawhidurrahmandear_widget]

ഇറാന്‍ ഭീഷണിക്കിടെ ഇറാഖിലെ വ്യോമതാവളം കാലിയാക്കി യുഎസ് സൈന്യം; ഐന്‍ അല്‍-അസദ് ബേസിന്റെ പൂര്‍ണ നിയന്ത്രണം ഇറാഖ് ഏറ്റെടുത്തു

 ഇറാന്‍ ഭീഷണിക്കിടെ ഇറാഖിലെ വ്യോമതാവളം കാലിയാക്കി യുഎസ് സൈന്യം; ഐന്‍ അല്‍-അസദ് ബേസിന്റെ പൂര്‍ണ നിയന്ത്രണം ഇറാഖ് ഏറ്റെടുത്തു

ബഗ്ദാദ്: ഇറാഖിലെ വ്യോമതാവളത്തില്‍നിന്ന് സമ്പൂര്‍ണമായി പിന്മാറി യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേന. പടിഞ്ഞാറന്‍ ഇറാഖിലെ തന്ത്രപ്രധാനമായ ഐന്‍ അല്‍-അസദ് വ്യോമതാവളത്തില്‍നിന്നാണ് അമേരിക്ക പൂര്‍ണമായി പിന്മാറിയത്. ഇതോടെ കേന്ദ്രത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇറാഖ് സൈന്യം ഏറ്റെടുത്തു. ഇറാനുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സമയത്തു കൂടിയാണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്. തങ്ങളെ ആക്രമിച്ചാല്‍ പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച യുഎസ് സൈനിക താവളങ്ങളിലൊന്നാണ് ഐന്‍ അല്‍ അസദ്.

ഇറാഖ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വെള്ളിയാഴ്ചയോടെയാണ് കൈമാറ്റ നടപടികള്‍ പൂര്‍ത്തിയായത്. ഇറാഖിന്റെ പരമാധികാരം വീണ്ടെടുക്കുന്നതിലെ നിര്‍ണായകമായ ചുവടുവെപ്പാണിതെന്ന് പ്രതിരോധ വൃത്തങ്ങള്‍ വിശേഷിപ്പിച്ചു. ഐഎസിനെതിരായ പോരാട്ടത്തിനായി രൂപീകരിച്ച യുഎസ് സഖ്യസേന, ഇറാഖ് സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് രാജ്യം വിടുന്നത്. 2024 സെപ്റ്റംബറില്‍ യുഎസും ഇറാഖും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം, 2026 അവസാനത്തോടെ ഇറാഖിലെ സഖ്യസേനയുടെ സൈനിക ദൗത്യം പൂര്‍ണമായും അവസാനിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് അന്‍ബാര്‍ പ്രവിശ്യയിലെ ഈ പ്രധാന താവളം ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.

ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യോമതാവളമാണ് ഐന്‍ അല്‍-അസദ്. സദ്ദാം ഹുസൈന്റെ കാലത്ത് നിര്‍മിച്ച ഈ താവളം, 2003-ലെ യുഎസ് അധിനിവേശത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. സമീപകാലത്ത് നിരവധി തവണ ഈ താവളത്തിന് നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

2020 ജനുവരിയില്‍ ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരമായി, ഇറാന്‍ ഈ താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ, ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘങ്ങള്‍ പലതവണ ഇവിടെ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ഐന്‍ അല്‍-അസദില്‍നിന്ന് പിന്മാറിയെങ്കിലും, വടക്കന്‍ ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഹരീര്‍ വ്യോമതാവളത്തില്‍ 2026 അവസാനം വരെ യുഎസ് സാന്നിധ്യം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയല്‍രാജ്യമായ സിറിയയിലെ ഐഎസ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണിത്. നിലവില്‍ ഏകദേശം 2,500 അമേരിക്കന്‍ സൈനികരാണ് ഇറാഖില്‍ ഉണ്ടായിരുന്നത്. വരും മാസങ്ങളില്‍ മറ്റ് താവളങ്ങളില്‍ നിന്നും ഘട്ടംഘട്ടമായി സൈന്യം പിന്മാറും.

ഇറാഖിലെ സുരക്ഷാ ചുമതലകള്‍ പൂര്‍ണമായും സ്വന്തം സൈന്യത്തിന് കൈമാറുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക സുരക്ഷ ഉറപ്പാക്കാന്‍ ഇറാഖ് സൈന്യം ഇപ്പോള്‍ പ്രാപ്തരാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Also read: