ഇനി ഷുഗർകട്ട് വേണ്ട; കലോറി കുറഞ്ഞ പഞ്ചസാര കണ്ടെത്തി ശാസ്ത്രജ്ഞർ, പ്രമേഹരോഗികൾക്കും ആശ്വാസം
വാഷിങ്ടൺ: പ്രമേഹരോഗികൾക്കും ആരാഗ്യപ്രേമികൾക്കും ആശ്വാസകരമായ പുതിയൊരു കണ്ടെത്തലുമായി ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. സാധാരണ പഞ്ചസാരയുടെ അത്രതന്നെ മധുരമുള്ളതും എന്നാൽ കലോറി വളരെ കുറഞ്ഞതുമായ ‘ടാഗറ്റോസ്’ (Tagatose) എന്ന അപൂർവ പഞ്ചസാര കുറഞ്ഞ ചെലവിൽ നിർമ്മിക്കാനുള്ള വിദ്യ വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ഇതോടെ പഞ്ചസാരയുടെ വെളുത്ത വിഷം എന്ന ടാഗ് ലൈൻ മാറ്റേണ്ടിവന്നേക്കാം.
പാലിലും ചില പഴങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ടാഗറ്റോസ് ഉത്പാദിപ്പിക്കാൻ ഇതുവരെ വലിയ ചെലവ് വന്നിരുന്നു. എന്നാൽ ജനിതകമാറ്റം വരുത്തിയ ഇകോളി ബാക്ടീരിയകളെയും സ്ലിം മോൾഡിൽ നിന്നുള്ള ഒരു പ്രത്യേക എൻസൈമിനെയും ഉപയോഗിച്ച് 95 ശതമാനം വരെ നേടാൻ പുതിയ രീതിയിലൂടെ സാധിക്കും. ഗ്ലൂക്കോസിനെ ആദ്യം ഗാലക്‌റ്റോസ് ആയും പിന്നീട് ടാഗറ്റോസ് ആയും മാറ്റുന്ന സങ്കീർണ്ണമായ പ്രക്രിയയാണിത്.
സാധാരണ പഞ്ചസാരയേക്കാൾ 92 ശതമാനം മധുരം ഇതിനുണ്ടെങ്കിലും കലോറി 60 ശതമാനം കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാത്തതിനാൽ പ്രമേഹരോഗികൾക്ക് ഇത് സുരക്ഷിതമായി ഉപയോഗിക്കാം. മറ്റ് കൃത്രിമ മധുരപലഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായി പാചകം ചെയ്യുമ്പോഴും ബേക്കിംഗിലും സാധാരണ പഞ്ചസാര നൽകുന്ന അതേ ഘടനയും നിറവും ടാഗറ്റോസ് നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
കൂടാതെ പല്ല് നശിക്കുന്നത് തടയുകയും. ദഹനപ്രക്രിയയെ സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) ഇതിനകം തന്നെ ടാഗറ്റോസിനെ സുരക്ഷിതമായ ഒന്നായി അംഗീകരിച്ചിട്ടുണ്ട്. പുതിയ ഉത്പാദന രീതി പ്രാബല്യത്തിൽ വരുന്നതോടെ വിപണിയിൽ സാധാരണ പഞ്ചസാരയ്ക്ക് പകരക്കാരനായി ടാഗറ്റോസ് സജീവമാകുമെന്നാണ് പ്രതീക്ഷ.