26/01/2026

കോഹ്‌ലിയും രോഹിത്തും ഗ്രേഡ് ബിയിലേക്ക്? സൂപ്പര്‍ താരങ്ങള്‍ക്ക് ‘മുട്ടന്‍പണി’ തയാറാക്കി അഗാര്‍ക്കര്‍

 കോഹ്‌ലിയും രോഹിത്തും ഗ്രേഡ് ബിയിലേക്ക്? സൂപ്പര്‍ താരങ്ങള്‍ക്ക് ‘മുട്ടന്‍പണി’ തയാറാക്കി അഗാര്‍ക്കര്‍

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബിസിസിഐയുടെ കേന്ദ്ര കരാറിലെ ബി കാറ്റഗറിയിലേക്ക് തരംതാഴ്ത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ എ പ്ലസ് ഗ്രേഡിലുള്ള താരങ്ങളെ താഴ്ന്ന വിഭാഗത്തിലേക്ക് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങൾ ബിസിസിഐ സുപ്രീം കൗൺസിൽ യോഗത്തിൽ ഉണ്ടായേക്കും.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലെ നാല് ഗ്രേഡുകൾക്ക് പകരം എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ മാത്രം നിലനിർത്താനാണ് കമ്മിറ്റിയുടെ ശുപാർശ. എ പ്ലസ് വിഭാഗം പൂർണ്ണമായും ഒഴിവാക്കപ്പെട്ടാൽ, ലിമിറ്റഡ് ഫോർമാറ്റിൽ മാത്രം കളിക്കുന്ന താരങ്ങൾ എന്ന നിലയിൽ രോഹിത്തിനെയും കോഹ്‌ലിയെയും ബി ഗ്രേഡിലേക്ക് മാറ്റിയേക്കും. നിലവിൽ ഇരുവരും ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചതാണ് മാറ്റത്തിന് പ്രധാന കാരണം.

നിലവിലെ കരാർ പ്രകാരം എ പ്ലസ് വിഭാഗത്തിന് 7 കോടി രൂപയും ബി വിഭാഗത്തിന് 3 കോടി രൂപയുമാണ് വാർഷിക പ്രതിഫലം. എ ഗ്രേഡിൽ 5 കോടിയും സി ഗ്രേഡിൽ ഒരു കോടിയുമാണ് ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ പുറത്തിറക്കിയ പട്ടികയിൽ രോഹിത്, കോഹ്‌ലി എന്നിവർക്കൊപ്പം രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് വിഭാഗത്തിലുള്ളത്. ഗ്രേഡ് എയിൽ മുഹമ്മദ് സിറാജ്, ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ എന്നിവരും ബി ഗ്രേഡിൽ സൂര്യകുമാർ യാദവ്, യശസ്വി ജയ്‌സ്വാൾ എന്നിവരും ഉൾപ്പെടുന്നു. സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങിയവർ സി ഗ്രേഡിലാണുള്ളത്.

ക്രിക്കറ്റിൽ നിന്ന് വൻ വരുമാനം നേടുന്ന താരങ്ങളാണ് കോഹ്‌ലിയും രോഹിത്തും. ടെസ്റ്റിൽ നിന്ന് 15 ലക്ഷവും ഏകദിനത്തിൽ നിന്ന് 6 ലക്ഷവുമാണ് ഇവർക്ക് മാച്ച് ഫീസായി ലഭിച്ചിരുന്നത്. എന്നാൽ ടി20യിൽ നിന്നുള്ള വിരമിക്കൽ ഇവരുടെ വരുമാനത്തിൽ കുറവുണ്ടാക്കും. എങ്കിലും ഐപിഎല്ലിലൂടെ വലിയ വരുമാനം ഇവർ സ്വന്തമാക്കുന്നുണ്ട്. 2025 സീസണിൽ ആർസിബി 21 കോടി രൂപയ്ക്കാണ് കോഹ്‌ലിയെ നിലനിർത്തിയത്. മുംബൈ ഇന്ത്യൻസിൽ 16.3 കോടി രൂപയാണ് രോഹിത്തിന്റെ പ്രതിഫലം. ഡിസംബർ 22ന് നടന്ന അപെക്‌സ് കൗൺസിൽ യോഗത്തിൽ വനിതാ താരങ്ങളുടെ വേതന വർദ്ധനവും ചർച്ചയായിട്ടുണ്ട്. കരാർ മൂല്യത്തിലെ അന്തിമ മാറ്റങ്ങൾ അടുത്ത സുപ്രീം കൗൺസിൽ യോഗത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

Also read: