27/01/2026

ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു: മൂന്ന് പേർക്ക് പരിക്ക്

 ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു: മൂന്ന് പേർക്ക് പരിക്ക്

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് മാണ്ഡവി താലൂക്കിൽ ഉദ്ഘാടനം ചെയ്യുംമുമ്പേ കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു വീണു. തദ്കേശ്വർ ഗ്രാമത്തിൽ 21 കോടി രൂപ ചെലവഴിച്ചാണ് ടാങ്ക് നിർമിച്ചത്.

ഉദ്ഘാടനത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി ടാങ്കിൽ വെള്ളം നിറച്ച് പരിശോധന നടത്തുന്നതിനിടെ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. 15 മീറ്റർ ഉയരമുള്ള ടാങ്ക് 11 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ വേണ്ടിയാണ് നിർമിച്ചത്. ഏകദേശം 9 ലക്ഷം ലിറ്റർ വെള്ളം നിറച്ചപ്പോഴാണ് ടാങ്ക് പൂർണ്ണമായും തകർന്നത്. ഇതോടെ പരിസരപ്രദേശമാകെ വെള്ളത്തിനടിയിലായി.

സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റെങ്കിലും വൻ ദുരന്തം ഒഴിവായി. 33 ഗ്രാമങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് ടാങ്ക് നിർമിച്ചത്.

ആയിരക്കണക്കിന് വീട്ടുകാർ പ്രതീക്ഷയോടെ കാത്തിരുന്ന ടാങ്ക് നിലംപൊത്തിയതോടെ, നിർമ്മാണത്തിലെ അപാകതയെക്കുറിച്ച് വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മയും അഴിമതിയുമാണ് ഇത്ര പെട്ടെന്ന് ടാങ്ക് തകരാൻ കാരണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.

സംഭവത്തെക്കുറിച്ച് വിശദമായ സാങ്കേതിക അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഡിസൈനിലെ പിഴവാണോ അതോ നിർമ്മാണത്തിൽ ഉപയോഗിച്ച സാധനങ്ങളുടെ തകരാറാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താനാണ് ശ്രമം.

Also read: