27/01/2026

ലോകകപ്പിൽ ബംഗ്ലാദേശിന് ഇരട്ട പ്രഹരം; ടീമിന് പിന്നാലെ 100-ലധികം മാധ്യമപ്രവർത്തകർക്കും വിലക്ക്!

 ലോകകപ്പിൽ ബംഗ്ലാദേശിന് ഇരട്ട പ്രഹരം; ടീമിന് പിന്നാലെ 100-ലധികം മാധ്യമപ്രവർത്തകർക്കും വിലക്ക്!

ധാക്ക: ഈ വർഷത്തെ ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിനെ ഒഴിവാക്കിയതിന് പിന്നാലെ പുതിയ വിവാദം. ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ അപേക്ഷിച്ച നൂറിലധികം ബംഗ്ലാദേശ് മാധ്യമപ്രവർത്തകർക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അക്രഡിറ്റേഷൻ നിഷേധിച്ചു. അടുത്ത മാസം ഏഴ് മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശി മാധ്യമപ്രവർത്തകരെ പൂർണ്ണമായും ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ.

ബംഗ്ലാദേശിൽ നിന്നുള്ള 130 നും 150 നും ഇടയിൽ മാധ്യമപ്രവർത്തകർ അക്രഡിറ്റേഷനായി അപേക്ഷിച്ചിരുന്നതായി ബിസിബി മീഡിയ കമ്മിറ്റി ചെയർമാൻ അംസാദ് ഹൊസൈൻ വെളിപ്പെടുത്തി. ‘എനിക്കറിയാവുന്നിടത്തോളം, എല്ലാ ബംഗ്ലാദേശി പത്രപ്രവർത്തകരുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടു. ഒരു അപേക്ഷ പോലും സ്വീകരിക്കപ്പെട്ടിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

നേരത്തെ അപേക്ഷകൾ സ്വീകരിച്ച് വിസ സപ്പോർട്ട് ലെറ്റർ ഉൾപ്പെടെ നൽകിയ ചില മാധ്യമപ്രവർത്തകരുടെ അനുമതിയും ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. ജനുവരി 20ന് അനുമതി ലഭിച്ച മിർ ഫരീദ് എന്ന ഫോട്ടോ ജേണലിസ്റ്റ് ഉൾപ്പെടെയുള്ളവർക്ക് തൊട്ടടുത്ത ദിവസം അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പാണ് ലഭിച്ചത്. ടൂർണമെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ബംഗ്ലാദേശ് സ്വീകരിച്ച പരസ്യനിലപാടാണോ ഈ നടപടിക്ക് പിന്നിലെന്ന സംശയം ഇതോടെ ശക്തമായി.

ടൂർണമെന്റിൽ സ്വന്തം രാജ്യം കളിക്കുന്നില്ലെങ്കിൽ പോലും മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകുന്നതാണ് നിലവിലെ രീതി. എന്നാൽ ബംഗ്ലാദേശിന്റെ കാര്യത്തിൽ ഇതിന് വിരുദ്ധമായ നീക്കമാണ് ഐസിസിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. 1996 മുതൽ ലോകകപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മുതിർന്ന പത്രപ്രവർത്തകൻ അരിഫൂർ റഹ്മാൻ ബാബുവിനും ഇത്തവണ അനുമതി നിഷേധിക്കപ്പെട്ടു.

സംഭവത്തിൽ ബംഗ്ലാദേശ് സ്‌പോർട്‌സ് ജേണലിസ്റ്റ് അസോസിയേഷൻ (BSJA) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബംഗ്ലാദേശ് സ്‌പോർട്‌സ് പ്രസ് അസോസിയേഷൻ (BSPA) അടക്കമുള്ള മറ്റ് സംഘടനകളുമായി ചർച്ച ചെയ്ത് പ്രതിഷേധ പരിപാടികൾ തീരുമാനിക്കുമെന്ന് BSJA പ്രസിഡന്റ് അരിഫൂർ അറിയിച്ചു. വിവാദത്തിൽ ഐസിസി മീഡിയ വിഭാഗം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Also read: