27/01/2026

‘ഒന്നാം നിരയിൽ സ്ത്രീകളെ ഇരുത്തില്ലേ?’; ടൊവിനൊയ്ക്കും ആസിഫിനും പിന്നിൽ ജ്യോതിർമയിയും ദിവ്യപ്രഭയും, വിമർശനവുമായി അഹാന

 ‘ഒന്നാം നിരയിൽ സ്ത്രീകളെ ഇരുത്തില്ലേ?’; ടൊവിനൊയ്ക്കും ആസിഫിനും പിന്നിൽ ജ്യോതിർമയിയും ദിവ്യപ്രഭയും, വിമർശനവുമായി അഹാന

തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ ലിംഗവിവേചനമെന്ന് ആക്ഷേപം. പുരസ്‌കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയതിനെതിരെ നടി അഹാന കൃഷ്ണയാണ് രംഗത്തെത്തിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്.

മികച്ച നടൻമാരായ ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവർ ഒന്നാം നിരയിൽ ഇരുന്നപ്പോൾ, മികച്ച നടിമാർക്കും മറ്റ് പുരസ്‌കാര ജേതാക്കളായ സ്ത്രീകൾക്കും പിന്നിലെ നിരകളിലാണ് ഇടം ലഭിച്ചത്. ജ്യോതിർമയി, ദിവ്യപ്രഭ തുടങ്ങിയ മുൻനിര നടിമാർ പോലും രണ്ടാം നിരയിലേക്ക് തള്ളപ്പെട്ടത് വെറുമൊരു യാദൃച്ഛികതയാണോ എന്ന് അഹാന ചോദിക്കുന്നു. പുരസ്‌കാരം നേടിയ സ്ത്രീകൾ ആദരിക്കപ്പെടേണ്ടവരാണെന്നും അവരെ മുൻനിരയിൽ ഇരുത്താത്ത നടപടി തന്നെ അലോസരപ്പെടുത്തിയെന്നും അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചു.

അഹാനയുടെ പോസ്റ്റ് പുറത്തുവന്നതോടെ സാംസ്കാരിക വേദികളിലെ ഇത്തരം കീഴ്‌വഴക്കങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പുരസ്‌കാര ജേതാക്കളെപ്പോലും ലിംഗഭേദമന്യേ പരിഗണിക്കാൻ അധികൃതർ തയ്യാറാകണമെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വേദിയിലായിരുന്നു ഇത്തരമൊരു സംഭവം.

Also read: