സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു
ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ്(70) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെയാണു അന്ത്യം. ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്നു അദ്ദേഹം. 150ലധികം സിനിമകൾക്ക് ഈണമൊരുക്കിയ എസ്.പി. വെങ്കിടേഷ്, ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഗാനങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ചത്. ‘പൈതൃകം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി മാറിയ അദ്ദേഹം പിന്നീട് മലയാളത്തിലെ മുൻനിര സംവിധായകരുടെ സ്ഥിരം സഹകാരിയായി. ‘കിലുക്കം’, ‘മിന്നാരം’, ‘സ്ഫടികം’, ‘ധ്രുവം’, ‘ദേവാസുരം’, ‘ഹിറ്റ്‌ലർ’ തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ ഒട്ടനവധി ചിത്രങ്ങളിലെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായിരുന്നു. പശ്ചാത്തല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, സിനിമയുടെ ആത്മാവ് തൊട്ടറിയുന്ന ഈണങ്ങൾ കൊണ്ടാണ് ശ്രദ്ധേയനായത്. ‘ശാന്തമീ രാത്രിയിൽ’ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ടവയാണ്.