03/04/2026
[fontresizer_tawhidurrahmandear_widget]

കേരള കുംഭമേളയുടെ സംഘാടനത്തിൽ ഗുരുവിനൊപ്പം നിറഞ്ഞുനിന്ന് നിഖില വിമലിന്റെ സഹോദരി

 കേരള കുംഭമേളയുടെ സംഘാടനത്തിൽ ഗുരുവിനൊപ്പം നിറഞ്ഞുനിന്ന് നിഖില വിമലിന്റെ സഹോദരി

മലപ്പുറം: തിരുന്നാവായ നിളാതീരത്ത് നടന്ന ‘കേരള കുംഭമേള’യിൽ ശ്രദ്ധാകേന്ദ്രമായി നടി നിഖില വിമലിന്റെ സഹോദരി അഖില അവന്തിക. നിളാതീരത്ത് നടന്ന ആധ്യാത്മിക സംഗമത്തിന്റെ സംഘാടനത്തിൽ ഗുരുവിനൊപ്പം മുൻനിരയിലുണ്ടായിരുന്നു അഖില.

തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് 15 ദിവസങ്ങളിലായി നടന്ന മാമാങ്ക മഹോത്സവത്തിൽ അഖില അവന്തിക സജീവ സാന്നിധ്യമായിരുന്നു. സന്യാസ വേഷത്തിലുള്ള അവന്തികയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം മഹോത്സവത്തിന്റെ നടത്തിപ്പിൽ അവന്തികയും പ്രധാന പങ്കുവഹിച്ചിരുന്നു.

ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിൽനിന്ന് തിയറ്റർ ആർട്‌സിൽ ഗവേഷണം പൂർത്തിയാക്കിയ അഖില, ഹാർവാർഡ് സർവകലാശാലയിലെ മെലോൺ സ്‌കൂൾ ഓഫ് തിയേറ്റർ ആൻഡ് പെർഫോമൻസ് റിസർച്ചിൽ ഫെല്ലോ ആയിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ശേഷമാണ് അഖില ആധ്യാത്മിക പാതയിലേക്കു മാറിയത്. കഴിഞ്ഞ വർഷം അഖില സന്യാസ ദീക്ഷ സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു.

ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽനിന്നാണ് അഖില സന്യാസം സ്വീകരിച്ചത്. സഹോദരിയുടെ തീരുമാനത്തെക്കുറിച്ച് നിഖില വിമൽ മുൻപ് നടത്തിയ പ്രതികരണവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

‘സ്വന്തം ജീവിതത്തിൽ എന്ത് വേണമെന്ന് തീരുമാനിക്കാൻ കഴിവുള്ള വ്യക്തിയാണ് ചേച്ചി. 36 വയസ്സുള്ള, ഉയർന്ന വിദ്യാഭ്യാസമുള്ള ഒരാൾക്ക് അവരുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്,’ എന്നായിരുന്നു നിഖിലയുടെ വാക്കുകൾ. തങ്ങളുടെ അച്ഛൻ ഒരു നക്‌സലൈറ്റ് ആയിരുന്നുവെന്നും, അതുകൊണ്ട് തന്നെ തങ്ങളുടേത് ഒരു സാധാരണ കുടുംബമല്ലെന്നും നിഖില മുൻപ് വ്യക്തമാക്കിയിരുന്നു. നക്‌സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർത്ഥമില്ല എന്നും നിഖില അന്ന് കൂട്ടിച്ചേർത്തു.

Also read: