സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; വന്നത് 29,200 രൂപയുടെ ബിൽ
കുമളി: ജല അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയതിന് സൗജന്യമായി വെള്ളം നൽകാമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാഗ്ദാനം പാഴായി. ചക്കുപള്ളം ശ്രീനാരായണ ധർമാശ്രമത്തിനാണ് 29,200 രൂപയുടെ ബിൽ അടയ്‌ക്കേണ്ടി വന്നത്. കണക്ഷൻ വിച്ഛേദിക്കുമെന്ന അധികൃതരുടെ കർശന മുന്നറിയിപ്പിനെത്തുടർന്നാണ് ആശ്രമം തുകയടച്ചത്.
ജലജീവൻ മിഷൻ പദ്ധതിക്കായി ചക്കുപള്ളം ഒട്ടകത്തലമേട്ടിൽ ടാങ്ക് നിർമിക്കാനാണ് ധർമാശ്രമം ഏട്ട് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. ഇതിന് പ്രത്യുപകാരമായി ആശ്രമത്തിന് സൗജന്യമായി വെള്ളം നൽകുമെന്ന് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ മന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, നിലവിലുള്ള കണക്ഷന് പണം അടയ്‌ക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥരും ആശ്രമ അധികൃതരെ നേരിട്ട് അറിയിച്ചിരുന്നു.
മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും വാക്ക് വിശ്വസിച്ച് ബിൽ അടയ്ക്കാതിരുന്നതോടെയാണ് കുടിശ്ശിക വർധിച്ചത്. ഉദ്യോഗസ്ഥർ മാറി വന്നതോടെ ബിൽ തുക ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. പലതവണ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ‘പണം അടയ്‌ക്കേണ്ടതില്ല’ എന്ന വാക്കാലുള്ള മറുപടി മാത്രമാണ് ലഭിച്ചത്. എന്നാൽ, അത്തരമൊരു നിർദ്ദേശം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പീരുമേട് സബ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ ആശ്രമ അധികൃതർ ഗതികെട്ട് തുക അടയ്ക്കുകയായിരുന്നു.