കൊക്കകോളയ്‌ക്കെതിരെ പുരുഷ വിവേചനത്തിന് കേസ്
വാഷിങ്ടൺ: കൊക്കകോള ബോട്ട്‌ലിങ് കമ്പനിക്കെതിരെ യുഎസ് പൗരാവകാശ ഏജൻസി കേസെടുത്തു. പുരുഷ ജീവനക്കാരെ ഒഴിവാക്കി സ്ത്രീകൾക്കായി മാത്രം നെറ്റ്‌വർക്കിങ് പരിപാടി സംഘടിപ്പിച്ചത് വഴി ലിംഗവിവേചനം നടത്തിയെന്നാണ് ആരോപണം. ഡോണാൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റ ശേഷം ജോലിസ്ഥലങ്ങളിലെ വൈവിധ്യ വൽക്കരണ (DEI) പരിപാടികൾക്കെതിരെ ഫെഡറൽ ഏജൻസി എടുക്കുന്ന ആദ്യ കേസുകൂടിയാണിത്.
2024 സെപ്റ്റംബറിൽ കണക്റ്റിക്കട്ടിലെ കാസിനോയിൽ വെച്ച് ഏകദേശം 250 വനിതാ ജീവനക്കാർക്കായി കൊക്കകോള ബിവറേജസ് നോർത്ത് ഈസ്റ്റ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരുന്നു. സാമൂഹിക കൂട്ടായ്മകൾ, ടീം ബിൽഡിങ് വ്യായാമങ്ങൾ, വിനോദ പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു. പരിപാടിയിൽ പങ്കെടുത്ത വനിതകൾക്ക് ഹോട്ടൽ താമസവും ശമ്പളത്തോടുകൂടിയ അവധിയും കമ്പനി നൽകിയിരുന്നു. എന്നാൽ, ഇതേ ആനുകൂല്യങ്ങളിൽ നിന്ന് പുരുഷ ജീവനക്കാരെ പൂർണമായും ഒഴിവാക്കിയത് വഴി ഫെഡറൽ നിയമം ലംഘിക്കപ്പെട്ടുവെന്ന് യുഎസ് ഈക്വൽ എംപ്ലോയ്‌മെന്റ് ഓപ്പർച്യുണിറ്റി കമ്മീഷൻ ഫയൽ ചെയ്ത ഹരജിയിൽ പറയുന്നു.
ന്യൂ ഹാംഷെയർ ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ജോലിസ്ഥലങ്ങളിലെ വൈവിധ്യം ഉറപ്പാക്കാൻ നടത്തുന്ന പല പരിപാടികളും യഥാർത്ഥത്തിൽ വിപരീത വിവേചനത്തിന് കാരണമാകുന്നുവെന്ന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ വാദിക്കുന്നു. ഇത്തരം DEI നയങ്ങൾ മെറിറ്റിനെ അട്ടിമറിക്കുന്നുവെന്നാണ് സർക്കാരിന്റെ നിലപാട്.
ജപ്പാനിലെ കിരിൻ ഹോൾഡിഹങ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് കേസിലുൾപ്പെട്ട കൊക്കകോള ബിവറേജസ് നോർത്ത് ഈസ്റ്റ്. അതേസമയം, കേസിൽ കൊക്കകോള കമ്പനി നേരിട്ട് പ്രതിയല്ല. തൊഴിലുടമ സ്‌പോൺസർ ചെയ്യുന്ന പരിപാടികളിൽ നിന്ന് ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കുന്നത് നിയമവിരുദ്ധമാണെന്നും എല്ലാ ജീവനക്കാർക്കും തുല്യ അവസരം ഉറപ്പാക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും EEOC ജനറൽ കൗൺസിൽ കാതറിൻ എസ്ഷ്ബാക്ക് വ്യക്തമാക്കി.