11/06/2026
[fontresizer_tawhidurrahmandear_widget]

ക്രിക്കറ്റ് ഗ്രൗണ്ടിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; അമ്പയർ മരിച്ചു

 ക്രിക്കറ്റ് ഗ്രൗണ്ടിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; അമ്പയർ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് അമ്പയർ മരിച്ചു. കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ദീർഘകാലമായി സഹകരിച്ചു പ്രവർത്തിക്കുന്ന മണിക് ഗുപ്ത (65) ആണ് മരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഒരു പ്രാദേശിക സ്‌റ്റേഡിയത്തിൽ അണ്ടർ 13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുകയായിരുന്നു മണിക് ഗുപ്ത. പെട്ടെന്നുണ്ടായ തേനീച്ചകളുടെ ആക്രമണത്തിൽ കളിക്കാരും കാണികളും ചിതറി ഓടിയെങ്കിലും ഗുപ്തയ്ക്ക് ക്രൂരമായി കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ഏകദേശം 30 വർഷത്തെ ആഴത്തിലുള്ള ബന്ധമുള്ള വ്യക്തിയായിരുന്നു മണിക് ഗുപ്ത. നിരവധി സുപ്രധാന പ്രാദേശിക മത്സരങ്ങളിൽ അമ്പയറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ മറ്റുളളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മുമ്പും സമാനമായ രീതിയിൽ ക്രിക്കറ്റ് മൈതാനങ്ങളിൽ തേനീച്ചകളുടെ ശല്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019ൽ തിരുവനന്തപുരത്ത് ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിലുള്ള ഏകദിന മത്സരത്തിനിടെ തേനീച്ചക്കൂട്ടം എത്തിയത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അന്ന് മത്സരം തടസ്സപ്പെടുകയും നിരവധി പേർക്ക് കുത്തേൽക്കുകയും ചെയ്‌തെങ്കിലും ആപത്തൊന്നും സംഭവിച്ചിരുന്നില്ല.

Also read: