22 വർഷത്തെ കാത്തിരിപ്പിന് വിരാമം;ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ; ലക്ഷ്യം ഇനി ചാമ്പ്യൻസ് ലീഗ്
ലണ്ടൻ: ഫുട്ബോൾ ലോകം കാത്തിരുന്ന ആ ചരിത്ര നിമിഷം ഒടുവിൽ യാഥാർത്ഥ്യമായി. നീണ്ട 22 വർഷത്തെ കണ്ണീരിനും കാത്തിരിപ്പിനുമൊടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ആഴ്സണൽ ഫുട്ബോൾ ക്ലബ്. പ്രീമിയർ ലീഗിലെ നിർണ്ണായക പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ബോൺമൗത്ത് 1-1 ന് സമനിലയിൽ തളച്ചതോടെയാണ് ആഴ്സണൽ കിരീടം ഉറപ്പിച്ചത്. ലീഗിൽ ഇനി വെറും ഒരു മത്സരം മാത്രം അവശേഷിക്കെ, രണ്ടാമതുള്ള സിറ്റിയേക്കാൾ നാല് പോയിന്റിന്റെ വ്യക്തമായ ലീഡ് നേടിയാണ് അവസാന പോരാട്ടത്തിന് മുൻപ് തന്നെ ഗണ്ണേഴ്സ് കിരീടത്തിൽ മുത്തമിട്ടത്.
യൂറോപ്യൻ യോഗ്യത ലക്ഷ്യമിട്ട് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങിയ ബോൺമൗത്തിനെതിരെ മാഞ്ചസ്റ്റർ സിറ്റി അക്ഷരാർത്ഥത്തിൽ വിയർക്കുന്ന കാഴ്ചയാണ് മത്സരത്തിൽ കണ്ടത്. കഴിഞ്ഞ 16 മത്സരങ്ങളായി തോൽവി അറിയാതെ കുതിക്കുന്ന ബോൺമൗത്ത് സിറ്റിയുടെ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. കളിയുടെ 39-ാം മിനിറ്റിൽ മികച്ചൊരു ടീം നീക്കത്തിനൊടുവിൽ ഭുഫറ്റിന്റെ ഉഗ്രൻ പാസിൽ നിന്നും ജൂനിയർ കുർപി ഉതിർത്ത മനോഹരമായ ഗോൾ ബോൺമൗത്തിന് അർഹിച്ച മുൻതൂക്കം നൽകി.
രണ്ടാം പകുതിയിലും തകർപ്പൻ അവസരങ്ങളാണ് ബോൺമൗത്ത് സൃഷ്ടിച്ചതെങ്കിലും പോസ്റ്റും സിറ്റി ഗോൾകീപ്പർ ജിയാൻലൂജി ഡൊണ്ണരുമ്മയും വില്ലനായതോടെ അവർക്ക് ലീഡ് ഉയർത്താനായില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ 95-ാം മിനിറ്റിൽ സൂപ്പർ താരം ഏർലിങ് ഹാലണ്ട് നേടിയ ഗോളിലൂടെ സിറ്റി സമനില പിടിച്ചെങ്കിലും വിജയഗോൾ കണ്ടെത്താൻ അവർക്ക് സമയം അനുവദിച്ചില്ല. ഈ നിർണ്ണായക സമനിലയോടെ ചരിത്രത്തിലാദ്യമായി യൂറോപ്യൻ ഫുട്ബോൾ കളിക്കാനുള്ള അർഹത ബോൺമൗത്ത് സ്വന്തമാക്കിയപ്പോൾ, അത് ആഴ്സണലിന്റെ കിരീടധാരണത്തിനുള്ള വഴിയൊരുക്കലായി മാറി.
ക്ലബിന്റെ ചരിത്രത്തിലെ നാലാം പ്രീമിയർ ലീഗ് കിരീടവും പതിനാലാം ഇംഗ്ലീഷ് ലീഗ് കിരീടവുമാണ് ഇതോടെ മിഖേൽ ആർട്ടെറ്റയുടെ പരിശീലനത്തിന് കീഴിൽ ആഴ്സണൽ എമിറേറ്റ്സിൽ എത്തിച്ചത്. 2004-ലെ ഇതിഹാസ തുല്യമായ സീസണിന് ശേഷം ആദ്യമായാണ് ഗണ്ണേഴ്സ് പ്രീമിയർ ലീഗിൽ രാജാക്കന്മാരാകുന്നത്. ഈ മാസം 30-ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജിയെ നേരിടാനൊരുങ്ങുന്ന ആഴ്സണലിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടനേട്ടം പകരുന്ന ആത്മവിശ്വാസം ചെറുതല്ല. യൂറോപ്പിലെ രാജകിരീടമായ ചാമ്പ്യൻസ് ലീഗ് കൂടെ ആർസണലിന് നേടാനായാൽ അത് ഗണ്ണേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ അധ്യായമായി മാറുമെന്നുറപ്പാണ്.