‘നിങ്ങൾ ഈ നാട് നശിപ്പിക്കുകയാണ്’; മയക്കുമരുന്ന് കേന്ദ്രത്തിൽ തോക്കുമായി റെയ്ഡ് നടത്തി ബംഗ്ലാദേശ് മന്ത്രി
ധാക്ക: നഗരത്തിലെ മയക്കുമരുന്ന് കേന്ദ്രത്തിലേക്ക് ഒരു കയ്യിൽ തോക്കും മറുകയ്യിൽ മെഗാഫോണുമായി നേരിട്ട് റെയ്ഡിനെത്തി ബംഗ്ലാദേശ് മന്ത്രി. ലിബറേഷൻ വാർ അഫയേഴ്സ് മന്ത്രി ഇഷ്റാഖ് ഹൊസ്സൈനാണ് ധാക്കയിലെ ഗന്ദാരിയ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സായുധനായി അപ്രതീക്ഷിത പരിശോധന നടത്തിയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സായുധരായ അനുയായികൾക്കൊപ്പമാണ് മന്ത്രി മയക്കുമരുന്ന് കേന്ദ്രത്തിലെത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയ ഉടനെ ചിലർക്ക് നേരെ മന്ത്രി തോക്ക് ചൂണ്ടുന്നതും, “നിങ്ങൾ ഈ നഗരത്തെയും പ്രദേശത്തെയും നശിപ്പിക്കുകയാണ്” എന്ന് വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കാണാം. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ മന്ത്രി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. റെയ്ഡിൽ പിടിയിലായ ആറുപേരെ പിന്നീട് പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ കൈമാറി.
മന്ത്രിയുടെ ഈ അപ്രതീക്ഷിത റെയ്ഡിനെക്കുറിച്ച് പോലീസിന് മുൻകൂട്ടി യാതൊരു വിവരവുമുണ്ടായിരുന്നില്ല. മയക്കുമരുന്ന് താവളം പൂർണ്ണമായി തകർത്തെന്നും ഇടപാടുകാരെ പോലീസിലേൽപ്പിച്ചെന്നും വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അംഗമാണ് ഇഷ്റാഖ് ഹൊസ്സൈൻ.