19/10/2026
[fontresizer_tawhidurrahmandear_widget]

‘നമുക്ക് ഫ്രാൻസിൽ പോയി വിപ്ലവത്തിൽ പങ്കെടുക്കാം’; വിദ്യാർഥി പ്രക്ഷോഭത്തിൽ കത്തുന്ന ഫ്രാൻസിനെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്

 ‘നമുക്ക് ഫ്രാൻസിൽ പോയി വിപ്ലവത്തിൽ പങ്കെടുക്കാം’; വിദ്യാർഥി പ്രക്ഷോഭത്തിൽ കത്തുന്ന ഫ്രാൻസിനെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഫ്രാൻസിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെയും കലാപങ്ങളെയും പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിപ്ലവങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഫ്രാൻസെന്നും, നമുക്ക് അവിടെ പോയി വിപ്ലവത്തിൽ പങ്കെടുക്കാമെന്നുമാണ് ട്രംപിന്റെ പരിഹാസം.

“നമുക്ക് ഫ്രാൻസിലേക്ക് പോയാലോ? അതൊരു മനോഹരമായ സ്ഥലമാണ്. അവിടെ കലാപങ്ങളോ വിപ്ലവങ്ങളോ ഇല്ലല്ലോ! ഫ്രാൻസ് വിപ്ലവങ്ങൾക്ക് എന്ത്മാത്രം അനുയോജ്യമാണെന്ന് നോക്കൂ, ഇത് വിശ്വസിക്കാനാവാത്തതാണ്. നമുക്ക് അവിടെപ്പോയി വിപ്ലവത്തിൽ പങ്കെടുക്കാം,” ട്രംപ് പരിഹസിച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫ്രാൻസിൽ ജീവിതച്ചെലവ് വർദ്ധിച്ചതിനെതിരെയും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കെതിരെയും വിദ്യാർഥികളുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രതിഷേധങ്ങൾ പലയിടത്തും അക്രമങ്ങൾക്കും തീവെപ്പിനും പോലീസുമായുള്ള ഏറ്റുമുട്ടലുകൾക്കും വഴിമാറിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാരിനെതിരെ പ്രതിസന്ധി രൂക്ഷമാക്കുന്ന രീതിയിലാണ് നിലവിലെ സാഹചര്യങ്ങൾ. മാക്രോണിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന് ഏകദേശം ആറുമാസം മാത്രം ബാക്കിനിൽക്കെയാണ് രാജ്യത്ത് ഇത്രയും വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത്.

അതേസമയം, ഫ്രാൻസിലെ ഇപ്പോഴത്തെ അക്രമങ്ങൾക്ക് കാരണം അവിടുത്തെ കുടിയേറ്റ നയങ്ങളാണെന്ന് കുറ്റപ്പെടുത്തി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റവും വൈവിധ്യവും സംബന്ധിച്ച ഫ്രാൻസിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ നിലവിലെ അശാന്തിക്ക് കാരണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കൂടുതൽ ചരിത്ര സ്മാരകങ്ങൾ തീവെപ്പിൽ തകരുന്നത് തടയാൻ ഫ്രാൻസ് അടിയന്തരമായി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read: