18/04/2026
[fontresizer_tawhidurrahmandear_widget]

ഇറാൻ ലോകകപ്പ് കളിക്കും; രാഷ്ട്രീയവും സ്പോർട്‌സും കൂട്ടിക്കുഴക്കേണ്ടെന്ന് ഫിഫ പ്രസിഡന്റ്

 ഇറാൻ ലോകകപ്പ് കളിക്കും; രാഷ്ട്രീയവും സ്പോർട്‌സും കൂട്ടിക്കുഴക്കേണ്ടെന്ന് ഫിഫ പ്രസിഡന്റ്

വാഷിങ്‌ടൺ: പശ്ചിമേഷ്യയിലെ കടുത്ത രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും 2026-ലെ ഫിഫ ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം ഉറപ്പാക്കി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. കായികരംഗത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി ഫുട്ബോൾ മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിങ്‌ടണിൽ നടന്ന സാമ്പത്തിക കോൺഫറൻസിനിടെയായിരുന്നു ഇൻഫാന്റിനോയുടെ നിർണ്ണായക പ്രഖ്യാപനം.

“ഇറാൻ തീർച്ചയായും ലോകകപ്പിനെത്തും. ടൂർണമെന്റ് തുടങ്ങുമ്പോഴേക്കും സമാധാനപരമായ അന്തരീക്ഷം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇറാൻ ടീം അവിടുത്തെ ജനതയെയാണ് പ്രതിനിധീകരിക്കുന്നത്. അവർ കളിക്കാൻ യോഗ്യത നേടിയവരാണ്, താരങ്ങൾക്ക് മൈതാനത്തിറങ്ങണം. മറ്റാരും വിശ്വസിക്കുന്നില്ലെങ്കിലും ലോകത്തെ ഒന്നിപ്പിക്കാൻ ഫിഫ തയ്യാറാണ്,” ഇൻഫാന്റിനോ പറഞ്ഞു.

വർഷാരംഭത്തിൽ അമേരിക്കയും ഇസ്രായേലുമായി ഉണ്ടായ സൈനിക നീക്കങ്ങളെത്തുടർന്ന് ഇറാന്റെ പങ്കാളിത്തം വലിയ അനിശ്ചിതത്വത്തിലായിരുന്നു. സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ മാറ്റണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും ഫിഫ അത് അംഗീകരിച്ചിരുന്നില്ല. ഇതേത്തുടർന്ന് ടൂർണമെന്റ് ബഹിഷ്കരിക്കാൻ പോലും ഇറാൻ ആലോചിച്ചിരുന്നു. നിലവിൽ ഏപ്രിൽ 8 മുതൽ താല്ക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും മേഖലയിലെ നയതന്ത്ര പ്രതിസന്ധി തുടരുകയാണ്.

ഗ്രൂപ്പ് ജി-യിലാണ് ഇറാൻ മത്സരിക്കുന്നത്. ഇറാന്റെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും അമേരിക്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങൾ ലോസ് ഏഞ്ചൽസിലും ഒന്ന് സീറ്റിലിലും നടക്കും. അരിസോണയിലെ ട്യൂസൺ ആയിരിക്കും ടീമിന്റെ ആസ്ഥാനം. ഇറാൻ താരങ്ങൾക്ക് അമേരിക്കയിൽ സുരക്ഷാ ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നുവെങ്കിലും, കായികമാമാങ്കം സമാധാനപരമായി നടത്താൻ സാധിക്കുമെന്ന ഉറച്ച നിലപാടിലാണ് ഫിഫ. ജൂൺ 11-ന് ആരംഭിക്കുന്ന 2026 ലോകകപ്പിൽ ആദ്യമായി 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

Also read: