ആർഎസ്എസ് പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: 10 സിപിഎമ്മുകാർക്ക് 25 വർഷം തടവ്
കണ്ണൂര്‍: തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ. പഞ്ചായത്ത് അംഗം ഉള്‍പ്പടെ പത്ത് സിപിഎം പ്രവര്‍ത്തകരെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, ടി.വി. ബിനു, പി.പി. സത്യൻ, ഇ.വി. വിനോദ് കുമാർ, പാലേരി വിജയൻ, കെ.പി.സുരേഷ്, ടോബി, ജനാർദനൻ, ശിവപ്രസാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. കേസിൽ ഉൾപ്പെട്ട രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
2011 നവംബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകർക്ക് നേരെയാണ് പ്രതികൾ ബോംബെറിഞ്ഞത്. ഒൻപത് പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു.