‘നമ്മൾ ഹിറ്റ്‌ലറെപ്പോലെയല്ല, പാകിസ്താനുമായി ചർച്ചകൾക്കുള്ള വാതിലുകൾ എന്നും തുറന്നിരിക്കും’; ആർഎസ്എസ് മേധാവി മോഹൻ ഭഗവത്
തിരുവനന്തപുരം: പാകിസ്താനുമായി സമാധാന ചർച്ചകൾ നടത്തുന്നതിനെ അനുകൂലിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാരതം ഹിറ്റ്‌ലറെപ്പോലെയല്ലെന്നും അയൽരാജ്യവുമായി ചർച്ചകൾ തുടരുന്നതിനുള്ള വാതിലുകൾ ഇന്ത്യ എപ്പോഴും തുറന്നിടണമെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചർച്ചാ സമ്മേളനത്തിലാണ് മോഹൻ ഭാഗവത് ഈ നിർണായക പ്രസ്താവന നടത്തിയത്. പാകിസ്താനുമായി ചർച്ചകൾ നടത്തണമെന്ന് മുമ്പ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ നിലപാടിനെ പൂർണ്ണമായി പിന്തുണച്ചുകൊണ്ടാണ് ഇപ്പോൾ ആർഎസ്എസ് മേധാവി രംഗത്തെത്തിയിരിക്കുന്നത്. ഹൊസബാളെയുടെ വാക്കുകൾ പാകിസ്താൻ എന്ന ഭരണകൂടത്തെയല്ല, മറിച്ച് അവിടുത്തെ സാധാരണ ജനങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്ന് മോഹൻ ഭാഗവത് വിശദീകരിച്ചു.
ഭാരതത്തിന്റെ വിഭജനം തെറ്റായിരുന്നു എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇന്നും പാകിസ്താനിലുണ്ടെന്നും അവിടുത്തെ പല മാധ്യമപ്രവർത്തകരും ആർഎസ്എസിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കാറുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും ഒരുമിച്ച് നിൽക്കുന്നതാണ് നല്ലതെന്ന് കരുതുന്നവരും വിഭജനത്തിന്റെ ‘ദ്വിരാഷ്ട്ര വാദത്തിന്’ എതിരെയുള്ളവരുമായ ആളുകൾ അവിടെയുണ്ട്. ഭാവിയിൽ ഒരു യുദ്ധത്തിലൂടെ പാകിസ്താനെ പൂർണമായി പരാജയപ്പെടുത്തിയാൽ പോലും അവിടുത്തെ ജനങ്ങളെ ഒന്നുകിൽ ഇന്ത്യയുടെ ഭാഗമാക്കേണ്ടി വരും അല്ലെങ്കിൽ അവർക്ക് അവിടെ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടി വരും. ഈ രണ്ട് സാഹചര്യങ്ങൾക്കും അവരുമായി ചർച്ചകൾ നടത്താനുള്ള വാതിലുകൾ തുറന്നിടേണ്ടത് അത്യാവശ്യമാണ്. അനീതിയെയും ഏകാധിപത്യത്തെയും നമ്മൾ പരാജയപ്പെടുത്തണം. എന്നാൽ അതേസമയം നല്ല കാര്യങ്ങളെ സംരക്ഷിക്കുകയും വേണം. ശത്രുക്കളെ പൂർണ്ണമായി ഇല്ലാതാക്കാൻ ശ്രമിച്ച ഹിറ്റ്‌ലറുടെ രീതിയല്ല ഭാരതത്തിന്റേതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
അതേസമയം, വിദേശകാര്യ നയങ്ങളിൽ ആർഎസ്എസിന് സ്വന്തമായി പ്രത്യേക നിലപാടുകളില്ലെന്നും ഈ വിഷയത്തിൽ സംഘടന പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് കശ്മീരിലെ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ സൈനിക നീക്കം അനിവാര്യമാണെന്ന് ആർഎസ്എസ് തലവൻ വ്യക്തമാക്കിയിരുന്നു.