19/06/2026
[fontresizer_tawhidurrahmandear_widget]

‘വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം’: വെള്ളാപ്പള്ളിക്ക് പി. ശശിയുടെ വക്കീല്‍ നോട്ടീസ്

 ‘വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം’: വെള്ളാപ്പള്ളിക്ക് പി. ശശിയുടെ വക്കീല്‍ നോട്ടീസ്

പി. ശശി, വെള്ളാപ്പള്ളി നടേശൻ

കണ്ണൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ, എൽ.ഡി.എഫ് സർക്കാറിൽ പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയുടെ വക്കീൽ നോട്ടീസ്. ശശി നിയന്ത്രിച്ച ഓഫിസാണ് രണ്ടാം പിണറായി സർക്കാരിന്റെ അന്തകനെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്നെ തേജോവധം ചെയ്യാൻ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയ ആരോപണമാണിതെന്നും ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ശശിയുടെ ആവശ്യം. അഡ്വ. കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

പി. ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒരു സമാന്തര ഭരണം അദ്ദേഹം ഉണ്ടാക്കിയെന്നും പൊലീസിനെ അടക്കം ദുരുപയോഗം ചെയ്തുവെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. നേരത്തെ, മുൻ എം.എൽ.എ പി.വി. അൻവറും ഇതുപോലുള്ള ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അവ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ശശി മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിരുന്നു. ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. തുടർന്ന് കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ, സി.പി.എമ്മിനെ പലതവണയായി വെള്ളാപ്പള്ളി വിമർശിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനെ പോലെ ഒരാളുടെ സാന്നിധ്യം ഇല്ലാത്തത് സി.പി.എമ്മിന്റെ അപചയത്തിന് കാരണമാണ്. സി.പി.എം അവരുടെ മുഖം കണ്ണാടിയിൽ പോലും കാണുന്നില്ലെന്നും അതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് തോന്നുന്നതായും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, സമുദായത്തിന്റെ കാര്യങ്ങളും സാമൂഹിക സത്യങ്ങളും ഉച്ചത്തിൽ പറയും. അതിൽ ആരും പരിഭവിച്ചിട്ട് കാര്യമില്ലെന്നാണ് വിമർശനമുന്നയിക്കുന്നതിനുള്ള കാരണമായി വെള്ളാപ്പള്ളി പറയുന്നത്. തന്നെ തള്ളിപ്പറഞ്ഞ് സി.പി.എം നന്നാവുകയാണെങ്കിൽ അതിൽ ബലിയാടാകാൻ തനിക്ക് സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Also read: