10/06/2026
[fontresizer_tawhidurrahmandear_widget]

‘വിഎസിന് തുടർഭരണം കിട്ടാതിരിക്കാൻ പിണറായി ശ്രമിച്ചു, 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി’: മുൻ ഐഎഎസ് ഓഫിസർ സുരേഷ് കുമാർ

 ‘വിഎസിന് തുടർഭരണം കിട്ടാതിരിക്കാൻ പിണറായി ശ്രമിച്ചു, 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി’: മുൻ ഐഎഎസ് ഓഫിസർ സുരേഷ് കുമാർ

തിരുവനന്തപുരം: 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ തിരിച്ചുവരവ് തടയാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി വി.എസിന്റെ മുൻ അഡീഷണൽ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ സുരേഷ് കുമാർ. ‘വിഎസിനൊപ്പം എന്റെ ദിനങ്ങള്‍’ എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിലാണ് പിണറായി വിജയനെതിരെ ഈ പരാമർശങ്ങളുള്ളത്. ശനിയാഴ്ചയായിരുന്നു പുസ്തകത്തിന്റെ പ്രകാശനം നടന്നത്.

അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, എൽഡിഎഫിന് ശക്തമായ വിജയസാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും ജയിക്കാൻ സാധ്യത കുറഞ്ഞ സ്ഥാനാർഥികളെ മനഃപൂർവം മത്സരിപ്പിച്ചുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. “രണ്ടാം വി.എസ്. സർക്കാർ രൂപീകരിക്കപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പിണറായി വിജയനാണ്. പാർട്ടിക്ക് ജയസാധ്യതയുണ്ടായിരുന്ന 13 മണ്ഡലങ്ങളിൽ മോശം സ്ഥാനാർഥികളെ മത്സരിപ്പിച്ചു” എന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന കൂടിക്കാഴ്ചയിൽ വി.എസ്. തന്നോട് പറഞ്ഞതായി സുരേഷ് കുമാർ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഉദാഹരണമായി മണലൂർ മണ്ഡലത്തിലെ തോൽവിയും വി.എസ്. ചൂണ്ടിക്കാട്ടിയതായി വ്യക്തമാക്കുന്നു. 2011-ലെ തെരഞ്ഞെടുപ്പിൽ 68 സീറ്റുകളാണ് എൽഡിഎഫ് നേടിയിരുന്നത്.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. അന്നത്തെ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയും ഈ നടപടികൾക്ക് പിന്തുണ നൽകിയിരുന്നെങ്കിലും, സിപിഐ, സിപിഎമ്മിലെ പിണറായി വിഭാഗം, കയ്യേറ്റക്കാർ എന്നിവരിൽ നിന്ന് വി.എസിന് ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നുവെന്നാണ് ആരോപണം. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ. സുധാകരൻ വിരമിച്ച ഹൈക്കോടതി ജഡ്ജി ബി. കെമാൽ പാഷയ്ക്ക് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. വി.എസ്. അച്യുതാനന്ദൻ ജനങ്ങളോടും ജനാധിപത്യത്തോടും പ്രതിബദ്ധത പുലർത്തിയ നേതാവായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച സുധാകരൻ പറഞ്ഞു.

അതേസമയം, ഈ പുസ്തകം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കാൻ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് കെമാൽ പാഷ അഭിപ്രായപ്പെട്ടു. മൂന്നാർ ദൗത്യം മികച്ച പദ്ധതിയായിരുന്നുവെങ്കിലും അത് പാതിവഴിയിൽ തടയപ്പെടുകയാണുണ്ടായത്. കൊമ്പനാനയെപ്പോലുള്ള വി.എസിനെ പാർട്ടി കൂച്ചുവിലങ്ങിട്ടതിനാലാണ് മൂന്നാർ ദൗത്യം ഇടയ്ക്കുവെച്ചു നിർത്തേണ്ടിവന്നതെന്നും പത്തുവർഷത്തിനിടെ അവിടെ കൂണുകൾപോലെ വീണ്ടും റിസോർട്ടുകൾ വന്നെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിലെ ആരോപണങ്ങൾ സിപിഎമ്മിനുള്ളിലെ പഴയ വി.എസ്-പിണറായി വിഭാഗീയ പോരാട്ടങ്ങളെ വീണ്ടും രാഷ്ട്രീയ ചർച്ചകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. എന്നാൽ ഈ ആരോപണങ്ങളോട് സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also read: