‘കോടിയേരി മരിച്ചശേഷം തിരിഞ്ഞുനോക്കിയില്ല, സിപിഎമ്മിന്‍റെ ഉന്നത നേതൃത്വം അവഗണിക്കുന്നു’; എം.വി ഗോവിന്ദനെ ലക്ഷ്യമിട്ട് ഗുരുതര ആരോപണവുമായി വിനോദിനി കോടിയേരി
തിരുവനന്തപുരം: സി.പി.എം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി അന്തരിച്ച മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. പാർട്ടിയിലെ ഒരു ഉയർന്ന പി.ബി (പോളിറ്റ് ബ്യൂറോ) അംഗത്തിൽ നിന്ന് തങ്ങൾക്ക് ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് വിനോദിനി ആരോപിച്ചു. കേരളത്തിൽ നിലവിൽ വളരെ ഉന്നതമായ പദവി വഹിക്കുന്നയാളാണ് ആ നേതാവ്. കോടിയേരിയുടെ വിയോഗത്തിന് ശേഷം അദ്ദേഹം കുടുംബത്തെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദിനി തുറന്നടിച്ചു.
ആവശ്യ ഘട്ടങ്ങളിൽ വിളിച്ചാൽ പോലും ഈ പി.ബി അംഗം ഫോൺ എടുക്കാറില്ല. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരിക്കൽ പോലും അദ്ദേഹം കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിട്ടില്ല. എന്നാൽ താൻ ഉദ്ദേശിച്ച നേതാവ് മുഖ്യമന്ത്രി പിണറായി വിജയൻ അല്ലെന്ന് വിനോദിനി വ്യക്തമാക്കി. പിണറായിയെ ഫോൺ വിളിച്ചാൽ അദ്ദേഹം എടുക്കാറുണ്ടെന്നും തിരക്കിലാണെങ്കിൽ പിന്നീട് തിരിച്ചു വിളിക്കാറുണ്ടെന്നും വിനോദിനി കൂട്ടിച്ചേർത്തു. അതേസമയം, അഭിമുഖത്തിന് പുറമെ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാൻ അവർ തയ്യാറായില്ല.
അതേസമയം, വിനോദിനി കോടിയേരി ഉന്നയിച്ച ആരോപണങ്ങളിൽ ആരെയാണ് ഉദ്ദേശിച്ചതെന്ന് പാർട്ടിക്കറിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു. ഇക്കാര്യം വ്യക്തമായി അറിഞ്ഞാൽ മാത്രമേ പാർട്ടി തലത്തിൽ ചർച്ച ചെയ്യാൻ സാധിക്കൂ. കോടിയേരിയുടെ കുടുംബം എക്കാലത്തും സി.പി.എമ്മിന്റെ ഭാഗമാണ്. അവർക്ക് എന്തെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ അത് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.