കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ഭാസ്‌കറിന് ജാമ്യമില്ല
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര മജിസ്‌ട്രേറ്റ് കോടതി തള്ളി. വിവാദ സന്ദേശത്തിന്റെ ഉറവിടം ജിതിന്റെ ഫോണിൽ നിന്ന് തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതി തന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി വ്യക്തമായതിനെ തുടർന്ന്, കൂടുതൽ വിവരശേഖരണത്തിനായി ഫോൺ നിലവിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വിവാദ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇതിന്റെ യഥാർഥ നിർമാതാക്കളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. മുൻപ് ഡിവൈഎഫ്ഐ നേതാവ് റിബേഷിലേക്ക് അന്വേഷണം നീങ്ങിയിരുന്നെങ്കിലും ഉറവിടം കണ്ടെത്താനാകാതെ അവസാനിച്ചിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.
കേസുമായി ബന്ധപ്പെട്ട് വടകര കേന്ദ്രീകരിച്ചുള്ള കൂടുതൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളിലേക്ക് അന്വേഷണം നീണ്ടേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ, അന്വേഷണ ദിശ മാറ്റാൻ പാർട്ടി നേരിട്ട് പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്. ജിതിനിലൂടെ സ്ക്രീൻഷോട്ടിന്റെ യഥാർഥ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.