13/06/2026
[fontresizer_tawhidurrahmandear_widget]

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐയുടെ മറ്റൊരു നേതാവ് കൂടി നിരീക്ഷണത്തിൽ

 കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐയുടെ മറ്റൊരു നേതാവ് കൂടി നിരീക്ഷണത്തിൽ

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ തിരുവള്ളൂർ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ പൊലീസ് നിരീക്ഷണത്തിലാക്കി. കേസിൽ ജിതിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം, ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. കേസിൽ ആദ്യം സ്ക്രീൻഷോട്ട് പങ്കുവെച്ചതായി കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ഈ പോസ്റ്റ് ലഭിച്ചത് ജിതിനിൽ നിന്നാണെന്ന സൂചനയെ തുടർന്നാണ് നടപടി.

റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത മറ്റു വ്യക്തികളുടെ മൊഴിയും അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. ഇതിനൊപ്പം, യൂത്ത് ലീഗ് നെടുമ്പ്രമണ്ണ ശാഖാ സെക്രട്ടറിയുടെ മൊഴിയും ഡിവൈഎസ്പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ശേഖരിക്കും. ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിം ഈ ശാഖയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിവാദ പോസ്റ്റ് ഇട്ടതെന്നായിരുന്നു സിപിഎമ്മിന്റെ പ്രാഥമിക പരാതി.

പ്രതികളെ കണ്ടെത്താനാകാതെ മുൻപ് അവസാനിപ്പിച്ച കേസ്, പുതിയ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചാണ് ഇപ്പോൾ വീണ്ടും പരിശോധിക്കുന്നത്. കോഴിക്കോട് റൂറൽ എസ്പി ഫറാഷ്, ഡിവൈഎസ്പി ടി. മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തുടർനടപടികൾക്ക് രൂപം നൽകിയത്.

അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും സിപിഎം സഹയാത്രികരാണെന്ന ആക്ഷേപവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. സിഐ ദിനേശ് എ.വി, കെ. രഞ്ജിത്ത്, പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് യുഡിഎഫ് അതൃപ്തി അറിയിച്ചത്. റൂറൽ എസ്പിയുടെ ഇടപെടലുകളാണ് ഇതിന് പിന്നിലെന്നും എസ്പിയെ നിയന്ത്രിക്കുന്നത് എകെജി സെന്ററാണെന്നും യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ഫേസ്ബുക്കിലൂടെ വിമർശിച്ചു. എന്നാൽ പരാതികൾക്ക് പരിഹാരമുണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വം യുവജന നേതാക്കൾക്ക് നൽകിയ ഉറപ്പ്.

Also read: