കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകുന്നതിന് തുല്യമെന്ന് യൂത്ത് കോൺഗ്രസ്
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകുന്നതിന് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ. കേസിൽ എസ്ഐടി അന്വേഷണം മെല്ലെപ്പോക്കിലാണെന്നും, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആരോപിച്ചു.
വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്കിടയിൽ കടുത്ത മതവിദ്വേഷവും വർഗീയ ധ്രുവീകരണവും ലക്ഷ്യമിട്ടാണ് ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചത്. ഇതിന് പിന്നിൽ കടുത്ത തീവ്രവാദ സ്വഭാവമുള്ള അജണ്ടകളാണുള്ളത്. കോടതി താൽക്കാലിക ജാമ്യം നൽകി എന്നത് കുറ്റവിമുക്തനാക്കപ്പെട്ടു എന്നതിന് അർത്ഥമല്ലെന്നും കേസും അന്വേഷണവും ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സമൂഹത്തിൽ വർഗീയ കലാപവും ഭിന്നതയും ഉണ്ടാക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഈ പ്രവർത്തനത്തിലെ പ്രതിക്ക് ചുവന്ന ഷാളണിയിച്ച് സിപിഎം സ്വീകരണം നൽകിയത് ജനാധിപത്യ കേരളത്തിന് തീരാക്കളങ്കമാണ്. മതമൗലികവാദത്തെയും തീവ്രവാദ ചിന്താഗതികളെയും സിപിഎം പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണ്. വ്യാജ പോസ്റ്റർ നിർമ്മിച്ച യഥാർത്ഥ പ്രതിയെ കണ്ടെത്താനോ, ഇത് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ച നേതാക്കന്മാരെ പിടികൂടാനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
കേസിൽ നിരപരാധിയാണെന്ന് വ്യക്തമായ കാസിമിന് അഭിവാദ്യങ്ങൾ അർപ്പിച്ചുയർത്തിയ ബോർഡുകൾ പോലും സിപിഎം സംഘം അടിച്ചുതകർത്തു. നിരപരാധികളെ വേട്ടയാടുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ ശൈലി സൈബർ ഭീകരവാദമാണ്. നാടിന്റെ സൗഹാർദ്ദം തകർക്കാൻ സൈബർ പോരാട്ടത്തിനിറങ്ങിയ ഇത്തരം ഘടകങ്ങൾക്ക് സിപിഎം നൽകുന്ന പരസ്യ പിന്തുണക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും ദുൽകിഫിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ജാമ്യം നേടി പുറത്തിറങ്ങിയ ജിതിൻ ഭാസ്‌കറിന് വടകര സബ് ജയിലിന് മുന്നിൽ വെച്ച് ശനിയാഴ്ചയാണ് സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.