21/07/2026
[fontresizer_tawhidurrahmandear_widget]

കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ജയിൽമോചിതനായി; മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് സിപിഎം നേതാക്കൾ

 കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ജയിൽമോചിതനായി; മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് സിപിഎം നേതാക്കൾ

വടകര: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്കർ ജാമ്യം ലഭിച്ചതിന് പിന്നാലെ ശനിയാഴ്‌ച ഉച്ചയോടെ ജയിൽ മോചിതനായി. വെള്ളിയാഴ്‌ച തന്നെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ്‌ വി.എസ്. ബിന്ദു കുമാരി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ശനിയാഴ്‌ച ഉച്ചയോടെയാണ് ജാമ്യ ഉത്തരവ് ജയിലിലെത്തിയത്.

ജയിൽ മോചിതനായ ജിതിൻ ഭാസ്‌കറെ സിപിഎം നേതാക്കളും പ്രവർത്തകരും എത്തി മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. തുടർന്ന് വടകര നഗരത്തിലൂടെ പ്രകടനവും നടത്തി. ശനിയാഴ്ച്‌ച വൈകുന്നേരം നാല് മണിക്ക് തിരുവള്ളൂരിൽവെച്ച് ജിതിന് പ്രത്യേക സ്വീകരണവും പാർട്ടി ഒരുക്കിയിട്ടുണ്ട്.

കേസിൽ അറസ്റ്റിലായതിന് ശേഷം പ്രതി ജിതിൻ ഭാസ്‌കർ കഴിഞ്ഞ 16-ാം തീയതി മുതൽ റിമാൻഡിലായിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും, സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന ജിതിൻ ബ്രോഡ്‌കാസ്റ്റ് സന്ദേശം വഴി ഇരുനൂറോളം പേർക്ക് ഈ സന്ദേശം അയച്ചുവെന്നും മൊബൈലിലെ തെളിവ് നശിപ്പിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

‘വടകര സ്ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്ഐ നേതാവായ റിബേഷ് രാമകൃഷ്‌ണൻ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. ഈ ‘വടകര സ്ക്വാഡ്’ ഗ്രൂപ്പിന്റെ അഡ്‌മിനാണ് ജിതിൻ. ഇതിന് പിന്നാലെയാണ് മറ്റ് ഗ്രൂപ്പുകളിലേക്കും ഈ സ്ക്രീൻഷോട്ട് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച പോസ്റ്റാണ് പ്രചരിപ്പിച്ചത്. കേസിൽ നിരപരാധിയായ മുഹമ്മദ് കാസിമിനെ കഴിഞ്ഞ ദിവസം എസ്ഐടി പ്രതിപ്പട്ടികയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിരുന്നു.

Also read: