ദേവസ്വം ഭണ്ഡാരം കുത്തിത്തുറന്നത് കുൽസൂം ബീവി ആകാത്തത് ഭാഗ്യം; അതിന്റെ പേരിൽ കലാപം ഉണ്ടായേനെ-സി.ആർ മഹേഷ്
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ബി.ജെ.പിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ്. പാലക്കാട്ട് ദേവസ്വം ഭണ്ഡാരം കുത്തിത്തുറന്നതിന് ബിജെപി നേതാവാണ് അറസ്റ്റിലായത്. വല്ല കുൽസൂം ബീവി ആയിരുന്നെങ്കിൽ അത് മറ്റൊരു കലാപത്തിനു വേണ്ടി മുതലെടുക്കുമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. അധികാരത്തിൽ അള്ളിപിടിച്ചു നിൽക്കുന്നതിനു പകരം, കമ്മ്യൂണിസം ഒരു ജീവിതസമരമാണെന്നു തിരിച്ചറിയാൻ കമ്മ്യൂണിസ്റ്റുകൾ തയാറായാൽ മാത്രമേ ഈ പ്രസ്ഥാനത്തിന് കേരളത്തിൽ ഉയിർത്തെഴുന്നേൽക്കാനാകൂ എന്നും മഹേഷ് ചൂണ്ടിക്കാട്ടി.
‘ബി.ജെ.പി അംഗം പരിഭവം പറയുന്നത് കേട്ടു. പറഞ്ഞ നാക്ക് അകത്തേക്ക് ഇട്ടില്ല, അതിനുമുൻപ് ദേവസ്വം ഭണ്ഡാരം കുത്തിത്തുറന്നതിന് ബിജെപി സ്ഥാനാർത്ഥി പ്രഭാവതി അകത്തായി. അത് കുൽസൂം ബീവി ആകാത്തത് ഭാഗ്യം. ഇല്ലെങ്കിൽ അതിന്റെ പേരിൽ വേറൊരു കലാപവും മുതലെടുപ്പും ഉണ്ടായേനെ.’-സി.ആർ മഹേഷ് പരിഹസിച്ചു.
ഉറക്കത്തിലും ശ്വാസം വിടുമ്പോൾ പോലും ദേശീയത പറയുന്ന ഒരു പാർട്ടി രാജ്യം ഭരിക്കുമ്പോഴാണ് ഇന്ത്യയിൽ ആദ്യമായി നീറ്റ് പരീക്ഷയും സി.ബി.എസ്.ഇ പരീക്ഷകളുമെല്ലാം പൂർണമായി കുളമാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
”കഴിഞ്ഞ സഭയിൽ ആക്രോശിച്ചവരും അശരീരി മുഴക്കിയവരും ഒരുപാടു പേരുണ്ട്. അകമ്പടിക്കാരും ഡെസ്‌കിനടിച്ച് താളം പിടിച്ചവരും വാഴ്ത്തുപാട്ടുകാരുമുണ്ട്. ഭരണപക്ഷമാണെന്ന രീതി പോലും മറന്ന് എണ്ണത്തിൽ കുറവായിരുന്ന അന്നത്തെ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ നേതൃത്വം കൊടുത്ത മന്ത്രിമാർ മോഡറേഷൻ കൊടുത്തിട്ടു പോലും ജയിച്ചിട്ടില്ല. അവർക്കാർക്കും ഈ സഭയിൽ അംഗങ്ങളായില്ല. അത് എല്ലാവർക്കുമുള്ള ഓർമപ്പെടുത്തലാണ്. അല്ലെങ്കിൽ ഒറ്റത്തവണ തീർപ്പാക്കലായി ജനം വീട്ടിലിരിത്തും.”-മഹേഷ് പറഞ്ഞു.
പരാജയം ഒന്നിന്റെയും അവസാനമല്ല. തിരുത്താൻ തയാറാകണം. കമ്മ്യൂണിസത്തെ അധികാരത്തിലെത്താനും അധികാരത്തിൽ അള്ളിപിടിച്ചു നിൽക്കാനുമുള്ള മാർഗമായി കാണരുത്. കമ്മ്യൂണിസം ഒരു ജീവിതരീതിയും നിത്യജീവിത സമരമാണെന്നും കാണാൻ കമ്മ്യൂണിസ്റ്റുകൾക്കു കഴിയണം. എന്നാലേ ഈ പ്രസ്ഥാനം കേരളത്തിൽ ഉയിർത്തെഴുന്നേൽക്കൂ. തിരുത്തേണ്ട സമയത്ത് സിപിഐക്കാരും വായില്ലാ കുന്നിലപ്പന്മാരായിപ്പോയി എന്നതാണ് സങ്കടകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.ടി ജലീൽ സി.പി.എമ്മിൽ അംഗത്വമെടുത്തു എന്നാണ് ഇന്നലത്തെ വാർത്ത. മോളെ കെട്ടിക്കാറായപ്പോൾ വീണ്ടും വാപ്പ പുയ്യാപ്ല ആയ പോലെയാണ് ആ വാർത്തയെന്നും സി.ആർ മഹേഷ് എം.എൽ.എ പരിഹസിച്ചു.