പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ച് കേന്ദ്രം; വില ഉടൻ കൂടില്ല
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര എണ്ണക്കമ്പനികളെ പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ വലിയ ഇളവുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. എന്നാൽ ഈ ഇളവ് എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ ഉദ്ദേശിച്ചുള്ളതായതിനാൽ പമ്പുകളിലെ വിലയിൽ മാറ്റമുണ്ടാകില്ല.
പുതുക്കിയ ഉത്തരവ് പ്രകാരം പെട്രോളിന്റെ പ്രത്യേക അധിക എക്സൈസ് തീരുവയും (SAED) അധിക എക്സൈസ് തീരുവയും പൂർണമായും ഒഴിവാക്കി. ഡീസലിന് പ്രത്യേക അധിക എക്സൈസ് തീരുവ ലിറ്ററിന് 18.5 രൂപയായും അധിക എക്സൈസ് തീരുവ ലിറ്ററിന് 3 രൂപയായും നിശ്ചയിച്ചു. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (ATF) തീരുവയിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ അസ്ഥിരമായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് പ്രതിദിനം 20 ദശലക്ഷം ബാരൽ എണ്ണയുടെ നീക്കത്തെ ബാധിച്ചിട്ടുണ്ട്. ആഗോളതലത്തിലെ ഈ വിലക്കയറ്റം ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖലാ കമ്പനികൾക്ക് വൻ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. നിലവിൽ ഡീസലിന് ലിറ്ററിന് 50 രൂപ വരെയും പെട്രോളിന് 20 രൂപ വരെയും നഷ്ടം സഹിച്ചാണ് കമ്പനികൾ ഇന്ധന വിതരണം നടത്തുന്നത്.
അതിനിടെ, സ്വകാര്യ വിതരണക്കാരായ നയാര എനർജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചത് ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. പൊതുമേഖലാ കമ്പനികളും വില കൂട്ടിയേക്കുമെന്ന ഭീതിയിൽ പലയിടങ്ങളിലും പമ്പുകളിൽ നീണ്ട നിര ദൃശ്യമായി. എങ്കിലും, സർക്കാരിന്റെ പുതിയ ഇടപെടൽ എണ്ണക്കമ്പനികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്നും വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.