27/03/2026
[fontresizer_tawhidurrahmandear_widget]

എഐ പഠിക്കാൻ15,000 സ്കോളർഷിപ്പുകൾ; ഗൂഗിളും യൂട്യൂബുമായി കൈകോർത്ത് കേന്ദ്ര സർക്കാർ

 എഐ പഠിക്കാൻ15,000 സ്കോളർഷിപ്പുകൾ; ഗൂഗിളും യൂട്യൂബുമായി കൈകോർത്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി നിർണായക ചുവടുവെപ്പുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസുമായി (IICT) സഹകരിച്ച് ഗൂഗിളും യൂട്യൂബും സംയുക്തമായി നടപ്പിലാക്കുന്ന ‘ദേശീയ എഐ നൈപുണ്യ സംരംഭം’ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഡിജിറ്റൽ മേഖലയിലുള്ളവർക്കായി 15,000 സ്കോളർഷിപ്പുകൾ നൽകും.

മീഡിയ, വിനോദം, ആനിമേഷൻ, ഗെയിമിങ്, ഡിജിറ്റൽ സ്റ്റോറിടെല്ലിങ് തുടങ്ങിയ മേഖലകളിലെ പ്രതിഭകളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളിൽ വിദഗ്ധരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ത്യയെ ഡിജിറ്റൽ ഉള്ളടക്കത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമായി മാറ്റുന്നതിൽ ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് ഘട്ടങ്ങളിലായുള്ള പരിശീലനം

  1. ഘട്ടം 1: ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾക്കും ഗൂഗിൾ ക്ലൗഡിന്റെ ജനറേറ്റീവ് എഐ പഠന പാതകൾക്കുമാണ് ഈ ഘട്ടത്തിൽ സ്കോളർഷിപ്പ് നൽകുന്നത്. എഐ സാക്ഷരതയും ഉത്തരവാദിത്തമുള്ള ഉപയോഗവും എല്ലാവരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
  2. ഘട്ടം 2: ആദ്യഘട്ടം പൂർത്തിയാക്കുന്നവർക്ക് പ്രായോഗികവും പ്രോജക്റ്റ് അധിഷ്ഠിതവുമായ പരിശീലനം നൽകും. നൂതന എഐ ടൂളുകൾ ഉപയോഗിച്ചുള്ള കഥപറച്ചിൽ, യൂട്യൂബ് പ്ലാറ്റ്‌ഫോമിലെ മികച്ച രീതികൾ തുടങ്ങിയവയിൽ ഹൈബ്രിഡ് മോഡലിലൂടെ പരിശീലനം ലഭിക്കും.

ഇന്ത്യയുടെ സ്രഷ്ടാക്കൾക്കും പ്രൊഫഷണലുകൾക്കും പുതിയ അവസരങ്ങൾ തുറന്നുനൽകാൻ എഐ സഹായിക്കുമെന്ന് യൂട്യൂബ് ഇന്ത്യ മാനേജിങ് ഡയറക്ടർ ഗുഞ്ചൻ സോണി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാടിന് കരുത്തുപകരുന്ന പദ്ധതി, ഭാവിയിലെ തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ ഉദ്യോഗാർത്ഥികളെ സജ്ജരാക്കും. കഴിഞ്ഞ വർഷം ഐഐസിടിയും യൂട്യൂബും ചേർന്ന് നടത്തിയ “ക്രിയേറ്റ് വിത്ത് എഐ” പ്രോഗ്രാമിന്റെ വിജയത്തെ തുടർന്നാണ് ഈ വിപുലമായ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

Also read: