ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന സംഘാടകർ തള്ളി; വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്നും പാകിസ്ഥാൻ പിന്മാറി
ദുബൈ: ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് മൂന്നാം സീസണിൽ നിന്നും പാകിസ്ഥാൻ ചാമ്പ്യൻസ് ടീം ഔദ്യോഗികമായി പിന്മാറി. ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് കളിക്കാർക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തയ്യാറാകാത്തതിനെ തുടർന്നാണ് പിന്മാറ്റം. ഇന്ത്യയുമായി ബന്ധപ്പെട്ട് പി.സി.ബി മുന്നോട്ടുവെച്ച ചില നിബന്ധനകൾ ഡബ്ല്യു.സി.എൽ സംഘാടകർ തള്ളിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഒക്ടോബർ പത്തിന് നടക്കാനിരുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം ഉൾപ്പെടെയുള്ള പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ഇതോടെ റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ടൂർണമെന്റിൽ പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചതിന് ഇന്ത്യൻ താരങ്ങൾ രേഖാമൂലം മാപ്പ് പറയണമെന്നതായിരുന്നു പി.സി.ബിയുടെ പ്രധാന നിബന്ധന. കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്നും പിന്മാറിയത്. അന്ന് ഗ്രൂപ്പ് ഘട്ട മത്സരവും സെമി ഫൈനലും ഇന്ത്യ ഉപേക്ഷിച്ചതോടെ പാകിസ്ഥാൻ ഫൈനലിൽ എത്തിയിരുന്നു. എന്നാൽ എ.ബി ഡിവില്ലിയേഴ്സ് നയിച്ച ദക്ഷിണാഫ്രിക്കൻ ടീമിനോട് അവർ ഫൈനലിൽ പരാജയപ്പെടുകയാണുണ്ടായത്. കൂടാതെ അന്ന് ഇരു ടീമിലെയും കളിക്കാർ ഹസ്തദാനം ചെയ്തിരുന്നില്ല. അതിനാൽ ഇത്തവണ മത്സരത്തിന് മുൻപ് ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ തയ്യാറാവണമെന്ന ഒരു നിബന്ധന കൂടി പി.സി.ബി മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ പി.സി.ബിയുടെ വാണിജ്യപരമായ ആവശ്യങ്ങൾ അംഗീകരിച്ച ടൂർണമെന്റ് സംഘാടകർ, ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്നും ഹസ്തദാനം ചെയ്യണമെന്നുമുള്ള ആവശ്യങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇതോടെയാണ് പാകിസ്ഥാൻ ബോർഡ് കളിക്കാർക്ക് എൻ.ഒ.സി നൽകില്ലെന്ന് കർശന നിലപാടെടുത്തത്. പി.സി.ബിയുടെ അധികാരത്തെയും തീരുമാനത്തെയും മാനിക്കുന്നുവെന്നും എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വലിയ നിരാശയുണ്ടെന്നും പാകിസ്ഥാൻ ചാമ്പ്യൻസ് ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ സാങ്കേതിക കാരണങ്ങളാൽ ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്റെ മത്സരം മാറ്റിവെച്ചിരുന്നു. കൂടാതെ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയക്കെതിരായ അവരുടെ മത്സരവും റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടൂർണമെന്റിൽ നിന്നുള്ള പാകിസ്ഥാന്റെ പൂർണ്ണമായ പിന്മാറ്റം ഉണ്ടായത്.