‘ഇറാനെ പ്രകോപിപ്പിക്കരുതെന്ന് ഖത്തർ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു’: വെളിപ്പെടുത്തലുമായി ഊർജ മന്ത്രി
ദോഹ: ഇറാനെതിരായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഖത്തറിലെ പ്രകൃതിവാതക നിലയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇറാനെ പ്രകോപിപ്പിച്ചാൽ ഖത്തർ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്ന് താൻ നേരത്തെ തന്നെ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ഖത്തർ ഊർജ മന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് അൽ കഅബി വെളിപ്പെടുത്തി.
റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ ഊർജ്ജ സെക്രട്ടറിയോടും മറ്റ് പങ്കാളിത്ത കമ്പനികളോടും ഇറാനിലെ എണ്ണ-വാതക കേന്ദ്രങ്ങൾ ആക്രമിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് താൻ ദിവസേന ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആക്രമണത്തിൽ ഖത്തറിന്റെ ദ്രാവക പ്രകൃതിവാതക ഉൽപ്പാദന ശേഷിയുടെ 17 ശതമാനത്തോളം തകരാറിലായിട്ടുണ്ട്. ഏകദേശം 26 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഈ സൗകര്യങ്ങൾ പഴയപടിയാക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയം എടുത്തേക്കാം. ഇത് യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഉള്ള ഗ്യാസ് വിതരണത്തിൽ വലിയ കുറവുണ്ടാക്കും.
റമദാൻ മാസത്തിൽ ഖത്തറിനെപ്പോലൊരു അയൽരാജ്യത്തിന് നേരെ ഇത്തരം ആക്രമണം ഉണ്ടായത് സങ്കടകരമാണെന്നും കഅബി കൂട്ടിച്ചേർത്തു. ഈ യുദ്ധം മേഖലയിലെ ടൂറിസം, വ്യോമഗതാഗതം, വ്യാപാരം എന്നിവയെ തകർക്കുകയും ഗൾഫ് സമ്പദ്വ്യവസ്ഥയെ ദശകങ്ങൾ പിന്നോട്ട് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.