02/03/2026
[fontresizer_tawhidurrahmandear_widget]

സിംബാബ്‌വെക്കെതിരെ പകരക്കാരനായി ഫീൽഡിൽ; മടങ്ങിയെത്തിയത് അച്ഛന്റെ വിയോഗവാർത്തയിലേക്ക്; റിങ്കു സിങ്ങിന് തീരാനഷ്ടം

 സിംബാബ്‌വെക്കെതിരെ പകരക്കാരനായി ഫീൽഡിൽ; മടങ്ങിയെത്തിയത് അച്ഛന്റെ വിയോഗവാർത്തയിലേക്ക്; റിങ്കു സിങ്ങിന് തീരാനഷ്ടം

ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖചന്ദ്ര സിങ് (55) അന്തരിച്ചു. നാലാം ഘട്ട കരൾ കാൻസറിനോട് ദീർഘകാലമായി പോരാടിക്കൊണ്ടിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അന്തരിച്ചത്. ഗ്രേറ്റർ നോയിഡയിലെ യാതാർത്ത് ആശുപത്രിയിൽ തീർച്ചപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വിയോഗവാർത്ത ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഖചന്ദ്ര സിങ്ങിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ടി20 ലോകകപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീമിനൊപ്പമായിരുന്ന റിങ്കു, പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് നേരത്തെ നാട്ടിലേക്ക് പോയിരുന്നു. എന്നാൽ പിന്നീട് ടീമിലേക്ക് മടങ്ങിയെത്തിയ താരം, ഇന്നലെ നടന്ന സിംബാബ്‌വെക്കെതിരായ നിർണ്ണായക പോരാട്ടത്തിൽ പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു.

പിതാവ് ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണെന്ന വലിയ സങ്കടം ഉള്ളിലൊതുക്കിയാണ് റിങ്കു ഇന്നലെ ഫീൽഡിങ്ങിന് ഇറങ്ങിയത്. ടീം പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ റിങ്കു പുറത്തായെങ്കിലും, പകരക്കാരനായി ഇറങ്ങിയപ്പോൾ തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ താരം കളം നിറഞ്ഞുനിന്നു. എന്നാൽ ഈ പോരാട്ടവീര്യത്തിന് പിന്നാലെ ഇന്ന് പുലർച്ചെയോടെ അച്ഛന്റെ വിയോഗവാർത്ത താരത്തെ തേടിയെത്തുകയായിരുന്നു. മരണവാർത്ത അറിഞ്ഞയുടൻ ചെന്നൈയിൽ നിന്നും താരം അലിഗഡിലെ വീട്ടിലേക്ക് തിരിച്ചു.

ലോകകപ്പിൽ കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരായ അടുത്ത മത്സരത്തിൽ റിങ്കുവിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലാണ്. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വ്യക്തിപരമായ ഈ വലിയ ആഘാതത്തിൽ സഹതാരത്തിന് പൂർണ പിന്തുണയുമായി ഇന്ത്യൻ ടീം ഒപ്പമുണ്ട്.

Also read: