പ്ലാസ്റ്റിക് ഇനി വിനാഗിരിയാകും; മലിനീകരണത്തിന് പുതിയ പരിഹാരം
ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളിയായ പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരവുമായി ഗവേഷകർ. പ്ലാസ്റ്റിക് മാലിന്യങ്ങളെ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ വിനാഗിരിയിലെ പ്രധാന ഘടകമായ അസറ്റിക് ആസിഡാക്കി മാറ്റുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തത്. പ്രകൃതിയിൽ ഫംഗസുകൾ ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്ന പ്രക്രിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കണ്ടുപിടുത്തം.
വാട്ടർലൂ സർവ്വകലാശാലയിലെ മെക്കാനിക്കൽ, മെക്കാട്രോണിക്സ് എഞ്ചിനീയറിങ് പ്രൊഫസർ ഡോ. യിമിൻ വുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ വെയ് വെയ് ആണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ‘അഡ്വാൻസ്ഡ് എനർജി മെറ്റീരിയൽസ്’ എന്ന ശാസ്ത്ര മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘ഫോട്ടോകാറ്റലിസിസ്’ എന്ന പ്രക്രിയയിലൂടെയാണ് പ്ലാസ്റ്റിക് വിഘടിപ്പിക്കുന്നത്. ഇതിനായി ‘Fe@C3N4 SAC’ എന്ന സവിശേഷമായ ഉൽപ്രേരകം (Catalyst) ഗവേഷകർ വികസിപ്പിച്ചു. കാർബൺ നൈട്രൈഡിൽ ഒറ്റപ്പെട്ട ഇരുമ്പ് ആറ്റങ്ങൾ ക്രമീകരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സൂര്യപ്രകാശം ഉൽപ്രേരകത്തിൽ പതിക്കുമ്പോൾ പ്ലാസ്റ്റിക്കിലെ കാർബൺ ശൃംഖലകൾ വേർപെടുകയും അവ അസറ്റിക് ആസിഡായി മാറുകയും ചെയ്യുന്നു. സാധാരണ താപനിലയിലും മർദ്ദത്തിലും വെള്ളത്തിന്റെ സാന്നിധ്യത്തിലാണ് പ്രക്രിയ നടക്കുന്നത്.
പ്രത്യേകതകൾ
- എല്ലാ പ്ലാസ്റ്റിക്കുകൾക്കും അനുയോജ്യം: കുപ്പികൾ നിർമിക്കാൻ ഉപയോഗിക്കുന്ന PET, പാക്കേജിങ് കവറുകളിലെ PE, PP, പൈപ്പുകളിലെ PVC എന്നിങ്ങനെ എല്ലാത്തരം പ്ലാസ്റ്റിക്കുകളെയും ഈ രീതിയിൽ മാറ്റിയെടുക്കാം.
- മിശ്രിത പ്ലാസ്റ്റിക്കുകൾ: വിവിധതരം പ്ലാസ്റ്റിക്കുകൾ കലർന്ന മാലിന്യങ്ങളിലും ഈ സാങ്കേതികവിദ്യ ഫലപ്രദമാണെന്ന് പഠനം തെളിയിക്കുന്നു.
- പരിസ്ഥിതി സൗഹൃദം: പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങളോ കാർബൺ ഡൈ ഓക്സൈഡോ പ്രക്രിയയിൽ പുറത്തുവിടുന്നില്ല.
ഭക്ഷ്യ ഉൽപ്പാദനം, രാസ വ്യവസായം തുടങ്ങിയ മേഖലകളിൽ വലിയ തോതിൽ ഉപയോഗിക്കപ്പെടുന്ന അസറ്റിക് ആസിഡ്, പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് വാട്ടർ ഇൻസ്റ്റിറ്റിയൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ റോയ് ബ്രൗവർ ചൂണ്ടിക്കാട്ടി. നിലവിൽ ലബോറട്ടറി ഘട്ടത്തിലുള്ള സാങ്കേതികവിദ്യ ഭാവിയിൽ വലിയ തോതിൽ നടപ്പിലാക്കുന്നതോടെ സമുദ്രങ്ങളിലും നദികളിലും അടിഞ്ഞുകൂടുന്ന മൈക്രോപ്ലാസ്റ്റിക്കുകളെ വരെ ഫലപ്രദമായി നീക്കം ചെയ്യാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.