‘ഡെക്കാന്‍ ക്രോണിക്കിളി’ന്റെ ബെസ്റ്റ് മിനിസ്റ്റര്‍; മട്ടാഞ്ചേരിയുടെ മുഖച്ഛായ മാറ്റിയ ജനകീയ നേതാവ്
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഭരണമികവിന്റെയും ജനകീയതയുടെയും പര്യായമായി മാറിയ പേരാണ് വി.കെ ഇബ്രാഹിം കുഞ്ഞിന്റേത്. ഒരേസമയം മട്ടാഞ്ചേരി എന്ന പുരാതന തുറമുഖ നഗരത്തെയും, കളമശ്ശേരി എന്ന നവീന നഗരത്തെയും വികസനത്തിന്റെ പാതയിലേക്ക് നയിച്ച അദ്ദേഹം, തന്റെ ഭരണപാടവത്തിന് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയെടുത്ത അപൂര്‍വ്വ വ്യക്തിത്വമാണ്.
പൊന്‍തൂവലായി ‘ബെസ്റ്റ് മിനിസ്റ്റര്‍’ പുരസ്കാരം
2012-ല്‍ ഇന്ത്യയിലെ പ്രമുഖ ദിനപത്രമായ ഡെക്കാന്‍ ക്രോണിക്കിള്‍ നടത്തിയ സര്‍വേയില്‍ കേരളത്തിലെ മികച്ച മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ഭരണത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് സമ്മാനിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ അദ്ദേഹം നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളും അഴിമതിരഹിത ഭരണവുമാണ് ഈ നേട്ടത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
പൊതുമരാമത്ത് രംഗത്തെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേറെയും നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2012ല്‍ യു.കെ കേരള ബിസിനസ് ഫോറം ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംയുക്തമായി നല്കിയ കേരള രത്ന പുരസ്കാരം അതില്‍ പ്രധാനമാണ്. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഹൗസ് ഓഫ് കോമണ്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ അന്നത്തെ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനാണ് അദ്ദേഹത്തിന് പുരസ്കാരം കൈമാറിയതെന്ന പ്രത്യേകതയുമുണ്ട്.
റോഡ് വികസന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് യു.എസ്.എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന് അവാര്‍ഡും, കേളീ കേരള പുരസ്കാരവും (ബെസ്റ്റ് മിനിസ്റ്റര്‍) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മട്ടാഞ്ചേരി: ദാരിദ്ര്യത്തില്‍നിന്ന് അതിജീവനത്തിലേക്ക്
ഒരു കാലത്ത് കുടിവെള്ള ക്ഷാമവും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന മട്ടാഞ്ചേരിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇബ്രാഹിം കുഞ്ഞിന്റെ ഇച്ഛാശക്തിയുടെ കൂടി ഫലമാണ്. ‘പോവര്‍ട്ടി അലിവേഷന്‍ പ്രോഗ്രാം ഫോര്‍ മട്ടാഞ്ചേരി’ എന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലും ഉപജീവനവും നല്കി അദ്ദേഹം.
ബ്രിട്ടീഷ് സഹായത്തോടെ(DFID) വമ്പന്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കി. കൂടാതെ, അദ്ദേഹം മുന്‍കൈ എടുത്ത് നിര്‍മിച്ച നീളമേറിയ കടല്‍ഭിത്തികളും പുലിമുട്ടുകളുമാണ് 2004-ലെ സുനാമി ദുരന്തത്തില്‍നിന്ന് മട്ടാഞ്ചേരിയെയും ഫോര്‍ട്ട് കൊച്ചിയെയും രക്ഷിച്ചത്.
കളമശ്ശേരി: വികസനത്തിന്റെ പുതിയ മാതൃക
പുതുതായി രൂപംകൊണ്ട കളമശ്ശേരി മണ്ഡലത്തിന്റെ പ്രഥമ ജനപ്രതിനിധിയായ അദ്ദേഹം, മണ്ഡലത്തെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച വികസന മാതൃകയാക്കി മാറ്റി. സംസ്ഥാനത്ത് ആദ്യമായി പൈലറ്റ് അടിസ്ഥാനത്തില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചതും, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനവും, പാലങ്ങളുടെ നിര്‍മാണവും ഗതാഗത രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കി.
വിദ്യാഭ്യാസ-ക്ഷേമ പ്രവര്‍ത്തനങ്ങളുമായും അദ്ദേഹം നിറഞ്ഞുനിന്നു. എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്കുന്ന ‘അക്ഷയ പദ്ധതി’, ലഹരി വിമുക്ത ക്യാമ്പസുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും അവാര്‍ഡുകളും നല്കുന്ന പദ്ധതികള്‍ എന്നിവ അക്കൂട്ടത്തില്‍ ശ്രദ്ധേയമായവയാണ്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുപ്പിച്ചതും, ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് വീടും ഉപജീവന മാര്‍ഗങ്ങളും (പശുക്കള്‍, തയ്യല്‍ മെഷീനുകള്‍) നല്കിയതും അദ്ദേഹത്തിന്റെ ജനകീയ മുഖം വെളിപ്പെടുത്തുന്നു. കേരളത്തിലെ ആദ്യത്തെ ‘സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്’ കളമശ്ശേരിയില്‍ കൊണ്ടുവന്നതും ഇബ്രാഹിം കുഞ്ഞാണ്.