19/10/2026
[fontresizer_tawhidurrahmandear_widget]

ലഗേജിൽ നിരോധിത മരുന്നെന്ന് സംശയം; ജിദ്ദയിൽ കസ്റ്റഡിയിലായ മലയാളി നഴ്‌സിനെ സൗദി അധികൃതർ വിട്ടയച്ചു

 ലഗേജിൽ നിരോധിത മരുന്നെന്ന് സംശയം; ജിദ്ദയിൽ കസ്റ്റഡിയിലായ മലയാളി നഴ്‌സിനെ സൗദി അധികൃതർ വിട്ടയച്ചു

ജിദ്ദ: സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ലഗേജിൽ നിരോധിത മരുന്ന് കണ്ടെത്തിയെന്ന സംശയത്തെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലായ വയനാട് സ്വദേശിനിയെ വിട്ടയച്ചു. റിയാദ് കിങ് ഫഹദ് ആശുപത്രിയിലെ നഴ്സും വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിയുമായ ഫിലോമിനയെയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെയും നാർക്കോട്ടിക്സ് കൺട്രോൾ ഡയറക്ടറേറ്റിന്റെയും പരിശോധനകൾക്ക് ശേഷം വിട്ടയച്ചത്. കസ്റ്റംസ് അധികൃതർ പിടിച്ചെടുത്ത മരുന്നുകൾ ലഹരിമരുന്നല്ലെന്ന് പരിശോധനയിൽ തെളിഞ്ഞതോടെയാണ് ഫിലോമിനയ്ക്ക് മോചനത്തിന് വഴിയൊരുങ്ങിയത്.

വാർഷികാവധി കഴിഞ്ഞ് ഈ മാസം 10-ന് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഫിലോമിന സൗദിയിലേക്ക് തിരിച്ചത്. ജിദ്ദയിലിറങ്ങി അവിടെ നിന്നും കണക്ഷൻ ഫ്ലൈറ്റ് മാർഗം ജോലിസ്ഥലമായ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് രാജ്യത്ത് നിരോധനമുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയെന്ന് ആരോപിച്ച് അധികൃതർ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും, ലഗേജ് കൊണ്ടുപോയെന്നും ഫോൺ പിടിച്ചെടുക്കുകയാണെന്നും കാണിച്ച് ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കസ്റ്റഡിയിലാണെന്ന വിവരം കുടുംബം അറിയുന്നത്. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനകളിൽ മരുന്നുകളിൽ ലഹരിയുടെ അംശമില്ലെന്ന് വ്യക്തമായതോടെ ഫിലോമിനയെ അധികൃതർ മോചിപ്പിച്ചു. വയനാട് അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി – ശെൽവി ദമ്പതികളുടെ മകളായ ഫിലോമിനയുടെ മോചനം കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

Also read: