ഇന്ത്യയ്ക്കു പിന്നാലെ താലിബാനും; പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കാന്‍ അഫ്ഗാന്
കാബൂള്‍: ഇന്ത്യയ്ക്കു പിന്നാലെ പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കാന്‍ കടുത്ത നീക്കവുമായി അഫ്ഗാനിസ്താനിലെ താലിബാന് ഭരണകൂടം. സിന്ധുനദീജല കരാര്‍ റദ്ദാക്കി ഇന്ത്യ പാകിസ്താന് വെള്ളം നല്‍കുന്നത് തടഞ്ഞ നടപടിക്ക് സമാനമായി തങ്ങളും ഈ നീക്കം പിന്തുടരുകയാണെന്ന് അഫ്ഗാന് ഭരണകൂടം വ്യക്തമാക്കി. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് എത്രയും വേഗം തടയുന്നതിനായി കുനാര്‍ നദിയില്‍ ഡാം നിര്‍മിക്കാന്‍ താലിബാന് ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുല്‍ ലത്തീഫ് മന്‍സൂര്‍ ആണ് ഈ സുപ്രധാന തീരുമാനം എക്സ് പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചത്.
ഇരുരാജ്യങ്ങളും അതിര്‍ത്തിമേഖലകളില്‍ നിരന്തരം ഏറ്റുമുട്ടുന്നതിനിടയിലാണ് പാകിസ്താനു കനത്ത തിരിച്ചടിയാകുന്ന ഈ നടപടി. ഡാം നിര്‍മാണത്തിനായി ഇനി വിദേശകമ്പനികള്‍ക്കായി കാത്തിരിക്കേണ്ടതില്ലെന്നും, രാജ്യത്തെ ആഭ്യന്തര കമ്പനികളുമായി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉത്ഭവിക്കുന്നത്. പാകിസ്താനിലെ കാബൂള്‍ നദിയില്‍ എത്തിച്ചേരുന്ന ഒരു പ്രധാന നദിയാണിത്. അതിനാല്‍, കുനാര്‍ നദിയിലെ ജലം കുറയുന്നത് പാകിസ്താന്റെ കിഴക്കന്‍ മേഖലകളിലെ കൃഷിയെയും മറ്റ് ജലസ്രോതസ്സുകളെയും കാര്യമായി ബാധിക്കും. ഇന്ത്യയുടെ മുന്‍ നടപടിയെ അനുസ്മരിപ്പിക്കുന്ന ഒരു രാഷ്ട്രീയ നീക്കമായാണ് താലിബാന്റെ ഈ തീരുമാനത്തെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.