27/03/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയില്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റം കാരണം’; വിദ്വേഷ പരാമര്‍ശവുമായി അമിത് ഷാ

 ‘ഇന്ത്യയില്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റം കാരണം’; വിദ്വേഷ പരാമര്‍ശവുമായി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ജനസംഖ്യയിലുണ്ടായിട്ടുള്ള വര്‍ധനയ്ക്കു കാരണം വലിയ തോതിലുള്ള നുഴഞ്ഞുകയറ്റമാണെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഈ ജനസംഖ്യാമാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമിത് ഷാ ആരോപിച്ചു. ഡല്‍ഹിയില്‍ ‘ദൈനിക് ജാഗരണ്‍’ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

”പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഹിന്ദു ജനസംഖ്യ കുറയുന്നത് മതപരിവര്‍ത്തനം കാരണമല്ല. അവരില്‍ പലരും ഇന്ത്യയില്‍ അഭയം തേടിയതുകൊണ്ടാണ്. മറുവശത്ത്, ഇന്ത്യയില്‍ മുസ്്‌ലിം ജനസംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. അത് ജനന നിരക്ക് കൂടിയതുകൊണ്ടല്ല. വന്‍ തോതില്‍ മുസ്്‌ലിംകള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതുകൊണ്ടാണ്.”-അമിത് ഷാ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമം ആര്‍ക്കെങ്കിലും പൗരത്വ നിഷേധിക്കാനുള്ളതല്ലെന്നും അദ്ദേഹം വാദിച്ചു. പകരം അഭയാര്‍ഥികളായി വരുന്നവര്‍ക്ക് പൗരത്വം നല്‍കാനുള്ളതാണ്. ഹിന്ദുക്കളുടെയോ മുസ്്‌ലിംകളുടെയോ ക്രിസ്ത്യാനികളുടെയോ മറ്റേതെങ്കിലും സമുദായത്തിന്റെയോ പൗരത്വം എടുത്തുകളയണമെന്ന് നിയമത്തില്‍ ഒരിടത്തും പറയുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റ വിഷയത്തില്‍ കണ്ണടയ്ക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്നും ഷാ കുറ്റപ്പെടുത്തി.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ധ്രുവീകരണ ശ്രമമാണ് ഈ പ്രസ്താവനയെന്നും, ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് ഷാ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു.

Also read: