‘ഇറാൻ അമേരിക്കയെ ലക്ഷ്യമിട്ട് ആണവ മിസൈൽ വികസിപ്പിക്കുന്നു’; ആരോപണവുമായി നെതന്യാഹു
തെല്‍ അവീവ്: ഇറാനെതിരെ പുതിയ ആരോപണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നുണ്ടെന്നാണു പുതിയ വാദം. അമേരിക്കന്‍ നഗരങ്ങളെ വരെ ആക്രമിക്കാന്‍ ശേഷിയുള്ളവയാണ് ഈ ആയുധങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബെന്‍ ഷാപ്പിറോയുമായുള്ള അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ ആരോപണം.
”8,000 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈലുകളാണ് ഇറാന്‍ വികസിപ്പിക്കുന്നത്. അതിലേക്ക് ഒരു 3,000 കിലോ മീറ്റര്‍ ദൂരം കൂടി ചേര്‍ത്താല്‍ ഈ മിസൈലുകള്‍ക്ക് അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, വാഷിങ്ടണ്‍, മയാമി തുടങ്ങിയ നഗരങ്ങളെ ലക്ഷ്യമിടാന്‍ കഴിയും”-നെതന്യാഹു ചൂണ്ടിക്കാട്ടി. ഫ്‌ളോറിഡയിലുള്ള ട്രംപിന്‍രെ മാര്‍ എ ലാഗോ റിസോര്‍ട്ടും ഈ ആണവായുധത്തിന്റെ ഭീഷണിയിലാണ്. ഈ ഭീഷണി തടയുന്നതില്‍ ഇസ്രയേല്‍ മികച്ച പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് പ്രതിരോധ മേഖലയില്‍ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ചും നെതന്യാഹു സംസാരിക്കുന്നുണ്ട്. ലോകത്തെ അത്യാധുനികമായ ആയുധങ്ങള്‍ ഇസ്രയേല്‍ വികസിപ്പിക്കുകയും അത് അമേരിക്കയുമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി.
ഗസ്സയിലെ യുദ്ധം അവസാനത്തോട് അടുക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു. എന്നാല്‍, വെടിനിര്‍ത്തല്‍ നിലവില്‍വന്നാലും ഹമാസ് ഭരണത്തിന് അന്ത്യം വരുത്താതെ ദൗത്യം പൂര്‍ത്തിയാക്കാനാകില്ല. ബന്ദികളെ മോചിപ്പിക്കുകയും ഹമാസ് ഭരണം അവസാനിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഗസ്സയിലെ യുദ്ധം അവസാനിക്കൂവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.