അലന്ദ് വോട്ട് തട്ടിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദാംശങ്ങള്‍ തേടി കര്‍ണാടക എസ്‌ഐടി
ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ട് തട്ടിപ്പ് സംബന്ധിച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സാങ്കേതിക വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. 2023ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 6,018 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങളുടെ പോര്‍ട്ടുകള്‍, ഐപി അഡ്രസ്സുകള്‍, ഒടിപി വിവരങ്ങള്‍ എന്നിവയാണ് എസ്‌ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് സംഘം.
അലന്ദിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് എസ്‌ഐടിയുടെ പ്രാഥമിക കണ്ടെത്തലുകള്‍. കലബുറഗി ജില്ലാ ആസ്ഥാനത്തെ ഒരു ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും, ഓരോ വോട്ടറെ നീക്കം ചെയ്യാനുള്ള അപേക്ഷയ്ക്കും 80 രൂപ വീതം പ്രതിഫലം നല്‍കിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
2022 ഡിസംബറിനും 2023 ഫെബ്രുവരി മാസത്തിനുമിടയില്‍ 6,018 അപേക്ഷകളാണ് നിയമവിരുദ്ധമായി വോട്ടര്‍മാരുടെ പേര് നീക്കം ചെയ്യാന്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതിനായി 4.8 ലക്ഷം രൂപ നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഒരു പ്രതി ദുബൈയിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്. ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ അടുത്തിടെ എസ്‌ഐടി റെയ്ഡ് നടത്തി ഏഴിലധികം ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു.
വോട്ടവകാശം വെറും 80 രൂപയുടെ ചരക്കായി ചുരുക്കപ്പെട്ടെന്നും വോട്ടര്‍ പട്ടിക തിരിമറി യാദൃശ്ചികമല്ലെന്നും ആസൂത്രിതമായ തട്ടിപ്പാണെന്നും എസ്‌ഐടി കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രതികരിച്ചു. തട്ടിപ്പിനായി പണം എവിടെ നിന്ന് വന്നു എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.