വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ (Shreyas Iyer injury)
സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് താരത്തെ സിഡ്നി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിനിടെ വീണാണ് അയ്യറുടെ ഇടത് വാരിയെല്ലിന് പരിക്കേറ്റത്. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ 33-ാം ഓവറിലാണ് സംഭവം. ഹര്‍ഷിത് റാണയുടെ പന്തിൽ കാരിയുടെ ക്യാച്ചെടുക്കാനായി ബാക്ക്വേര്‍ഡ് പോയിന്റിലനിന്ന് പിന്നിലേക്ക് ഓടുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് മുകളിലൂടെ വന്ന പന്തിന് പിന്നാലെ ഓടി ഡീപ് തേര്‍ഡ്മാന് സമീപം ഡൈവ് ചെയ്ത് ഒരു തകര്‍പ്പന്‍ ക്യാച്ചാണ് അയ്യര്‍ സ്വന്തമാക്കിയത്.
എന്നാൽ, പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കി അയ്യറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആന്തരിക രക്തസ്രാവം കണ്ടെത്തിയ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്തെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. രക്തസ്രാവം മൂലം അണുബാധ ഉണ്ടാവാതിരിക്കാന്‍ സുഖംപ്രാപിക്കുന്നത് അനുസരിച്ച് രണ്ട് മുതല്‍ ഏഴ് ദിവസം വരെ താരം നിരീക്ഷണത്തില്‍ തുടരും. ടീം ഡോക്ടറും ഫിസിയോയും ഒന്നിനും കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. ഉടന ചികിത്സ ലഭ്യമാക്കിയിരുന്നില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാവുമായിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.