‘ബിഹാര്‍ പോലെ തമിഴ്നാട്ടിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കാന്‍ നീക്കം’; തെര. കമ്മീഷനെതിരെ സ്റ്റാലിന്‍
ചെന്നൈ: തമിഴ്നാട്ടില്‍ വരാനിരിക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ രൂക്ഷവിമര്‍ശനം. വോട്ടവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെങ്കാശിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.
ബിഹാറില്‍ എസ്‌ഐആര്‍ വഴി ലക്ഷക്കണക്കിന് വോട്ടര്‍മാരെ നീക്കം ചെയ്തതുപോലെ തമിഴ്നാട്ടിലും ബിജെപി ശ്രമിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഈ ഗൂഢാലോചന ഡിഎംകെ തുടക്കം മുതല്‍ തിരിച്ചറിഞ്ഞ് പോരാടുന്നുണ്ട്. ഈ നീക്കത്തിനെതിരായ പോരാട്ടത്തില്‍ ഇപ്പോള്‍ അയല്‍സംസ്ഥാനമായ കേരളവും പങ്കുചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ശക്തമാക്കാനും എസ്ഐആറിനെ തടയാനുമുള്ള അടുത്ത നടപടികള്‍ തീരുമാനിക്കാന്‍ നവംബര്‍ രണ്ടിന് ഡിഎംകെ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ജനാധിപത്യം സംരക്ഷിക്കാനായി യോഗത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടിലെ എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് സ്റ്റാലിന്‍ അറിയിച്ചു.
പ്രകൃതിദുരന്തത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട 37000 കോടി രൂപയുടെ ദുരന്ത നിവാരണ ഫണ്ട് കേന്ദ്രം മനഃപൂര്‍വം നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫണ്ട് അനുവദിച്ചാല്‍ തമിഴ്നാട് കൂടുതല്‍ വികസിതമാകും. അത് സംഭവിക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.