‘സഞ്ജുവിനെ വണ്‍ഡൗണാക്കിയത് എന്തിന്? ഈ കസേരക്കളി നിര്‍ത്തൂ’: ഗംഭീറിനെതിരെ മുന്‍ ഇന്ത്യന്‍ താരം
ചെന്നൈ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീം ബാറ്റിങ് നിരയില്‍ വരുത്തിയ അശാസ്ത്രീയമായ മാറ്റങ്ങള്‍ക്കെതിരെ തുന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദഗോപന്‍ രമേശ്. ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 125 റണ്‍സിന് ഓള്‍ഔട്ടായതിന് പിന്നാലെയാണ് രമേശ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കോച്ച് ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ വിമര്‍ശനമുന്നയിച്ചത്.
‘ഇന്ത്യ ബാറ്റിങ് ഓര്‍ഡറില്‍ കസേരക്കളി നടത്തുന്നത് നിര്‍ത്തണം. 160 മുതല്‍ 170 വരെ റണ്‍സ് നേടിയിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാന്‍ മികച്ച സാധ്യതയുണ്ടായിരുന്ന മത്സരമായിരുന്നു ഇത്’-രമേശ് കുറിച്ചു.
ന്രായകന് സൂര്യകുമാര്‍ യാദവിനെ നാലാം സ്ഥാനത്തേക്ക് ഇറക്കി, സഞ്ജു സാംസണിനെ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ അയച്ച തീരുമാനത്തെയാണ് രമേശ് ചോദ്യം ചെയ്തത്. ‘കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് നന്നായി കളിച്ചു. പിന്നീട് എന്തിനാണ് സഞ്ജു സാംസണിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കുന്നത്? ശിവം ദുബേക്ക് മുന്‍പ് ഹര്‍ഷിത് റാണ ബാറ്റ് ചെയ്യാന്‍ പോയതും, തിലക് വര്‍മയെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റിയതും തെറ്റായ നീക്കങ്ങളാണ്. അടുത്തത് ആരാണ് ബാറ്റ് ചെയ്യേണ്ടതെന്ന് അറിയാതെ എല്ലാവരും പരസ്പരം നോക്കുകയാണ്.’-സദഗോപന്‍ ചൂണ്ടിക്കാട്ടി.
ഇന്നിങ്്സില്‍ അഞ്ച് ഓവര്‍ ബാക്കി നില്‍ക്കെ, ശിവം ദുബേയ്ക്ക് മുന്‍പ് ഹര്‍ഷിത് റാണയെ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനയച്ച തീരുമാനവും തെറ്റാണെന്ന് രമേശ് ചൂണ്ടിക്കാട്ടി. ഓരോ കളിക്കാരന്റെയും കഴിവും ടീമിലെ പ്രധാന പങ്കും മനസ്സിലാക്കി അവരില്‍ നിന്ന് മികച്ചത് പുറത്തെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നന്നായി പാചകം ചെയ്യുന്ന ഒരാളെ ഡ്രൈവറാക്കാന്‍ കഴിയില്ല. നല്ല ഡ്രൈവറെ പാചകക്കാരനാക്കാനും കഴിയില്ല. അതുപോലെ, ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബൗളര്‍ ആദ്യം പന്തെറിയണം, ബാറ്റ്സ്മാന് ബാറ്റ് ചെയ്യണം. ഈ വ്യക്തത മാനേജ്മെന്റിന് വേണം.’-അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ ടീം വഴുതി വീഴുന്നത് ടീം മാനേജ്മെന്റിന്റെ വ്യക്തതയില്ലായ്മ മൂലമാണെന്നും സദഗോപന്‍ രമേശ് കൂട്ടിച്ചേര്‍ത്തു.