‘രാഹുൽ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല, ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട വിഷയത്തില്‍ വിശദീകരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാഹുല്‍ അയോഗ്യനല്ല. ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടതെന്നും, ഒരാളെ ബോധപൂര്‍വം ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല എന്ന നിലപാടാണ് തനിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിലാണ്് ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ രാഹുലുമായി ഒരുമിച്ച് വേദി പങ്കിട്ടത്. ‘ഞാന്‍ പങ്കെടുത്തത് ഔദ്യോഗിക പരിപാടിയാണ്. അയാളുടെ മണ്ഡലത്തില്‍ വെച്ചാണ് ഈ പ്രോഗ്രാം നടക്കുന്നത്. അയാളെ അയോഗ്യനാക്കുകയോ, ഏതെങ്കിലും കേസില്‍ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. കേസ് ഒക്കെ നടന്നുകൊണ്ടിരിക്കുന്നേയുള്ളൂ, അന്വേഷണം നടന്നുകൊണ്ടിരിക്കുന്നേ ഉള്ളൂ.’-മന്ത്രി വ്യക്തമാക്കി.
‘ഞങ്ങളുടെ പാര്‍ട്ടി, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഒരു കാഴ്ചപ്പാടുണ്ട്. ഒരു തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ നമ്മള്‍ എങ്ങനെയാ മാറ്റിനിര്‍ത്തുന്നത്? അത് ഞങ്ങളുടെ സംസ്‌കാരമല്ല. ബോധപൂര്‍വം ഏതെങ്കിലും ഒരു വ്യക്തിയെ അവസരം കിട്ടിയെന്നതുകൊണ്ട് ചവിട്ടിത്തേച്ച് റെഡിയാക്കുന്ന ഒരു സമീപനം ഞങ്ങള്‍ സ്വീകരിക്കുന്നില്ല.’-മന്ത്രി കൂട്ടിച്ചേര്‍ത്തു.