ഡൽഹി കഴിഞ്ഞപ്പോൾ ബിഹാറിലും വോട്ട്; വിവാദമായപ്പോൾ ബിജെപി പ്രവർത്തകൻ പോസ്റ്റ് മുക്കി
ന്യൂ ഡൽഹി: ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും ബിഹാർ തെരഞ്ഞടുപ്പിലും രണ്ട് വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്ത ബിജെപി പ്രവർത്തകൻ, ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോ ഡിലീറ്റ് ചെയ്തതായി ആരോപണം. 44 വയസ്സുകാരനായ നാഗേന്ദ്ര കുമാർ രണ്ട് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തുവെന്നും വിവാദമായപ്പോൾ ഫേസ്ബുക്കിലെ ഫോട്ടോ ഡിലീറ്റ് ചെയ്തുവെന്നും ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് തെളിവുസഹിതം വ്യക്തമാക്കിയത്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യുന്ന ഈ സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡൽഹിയിലെ ഓഖ്‌ല അസംബ്ലി മണ്ഡലത്തിൽ 2025 ഫെബ്രുവരി 5-ന് പാണ്ഡെ വോട്ട് ചെയ്തിരുന്നു. RBI602254 എന്ന എപിക് നമ്പറിൽ, GBSS സ്‌കൂൾ നമ്പർ 1, സാഗർപൂർ പോളിംഗ് സ്റ്റേഷനിലെ 157-ാം ഭാഗത്തിലെ 107-ാം സീരിയൽ നമ്പറിലാണ് ഇയാൾ വോട്ട് ചെയ്തതെന്ന് സുബൈർ പറയുന്നു. വോട്ടിനു ശേഷം ശേഷം ഇയാൾ ഫേസ്ബുക്കിൽ ഇട്ട ഫോട്ടോയും സുബൈർ പങ്കുവച്ചു. ഡൽഹിയിൽ വോട്ട് ചെയ്ത് ഒമ്പത് മാസത്തിനുള്ളിൽ ബിഹാറിൽ വോട്ട് ചെയ്ത ശേഷവും ഇയാൾ ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവച്ചിരുന്നു. എന്നാൽ, വിവാദമായതിനെ തുടർന്ന് ഇയാൾ ഫേസ്ബുക്കിൽ നിന്ന് ബിഹാറിലെ ഫോട്ടോ ഡിലീറ്റ് ചെയ്തുവെന്ന് സുബൈർ പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 171 ഡി പ്രകാരം ഇരട്ട വോട്ട് ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. കുറ്റം ചെയ്തതിന്റെ തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് ഇയാൾ ഫേസ്ബുക്കിലെ ഫോട്ടോ ഡിലീറ്റ് ചെയ്തതെന്ന് സുബൈർ പറയുന്നു.
നേരത്തെ, ബിജെപി എംപി രാകേഷ് സിൻഹ, പ്രാദേശിക നേതാക്കളായ സന്തോഷ് ഓജ എന്നിവർ ഇരട്ട വോട്ട് ചെയ്തതായി ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. ഒരു സംസ്ഥാനത്ത് വോട്ടറായി രജിസ്റ്റർ ചെയ്തയാൾക്ക് മറ്റൊരു സംസ്ഥാനത്ത് വോട്ട് ചെയ്യാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതെങ്കിലും തട്ടിപ്പിലൂടെ ബിജെപി തെരഞ്ഞെുപ്പ് അട്ടിമറിക്കുകയാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി.