അഹമ്മദാബാദ് എയര്‍ ഇന്ത്യ ദുരന്തം ‘അവസാന പറക്കലിന് മുന്‍പ് വിമാനത്തില്‍ ഗുരുതര തകരാറുകള്‍’; ഫയര്‍ ഇനേര്‍റ്റര്‍ സിസ്റ്റം 48 മണിക്കൂര്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീണ് 160-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിനുള്ളില്‍ വിമാനത്തിന് ഒന്നിലധികം സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദേശീയ വാര്‍ത്താ പോര്‍ട്ടലായ ‘ദി ഫെഡറല്‍’ ആണ് ദുരന്തവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. അപകടത്തില്‍പ്പെട്ട ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ അവസാന പറക്കലിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാന ഘടകങ്ങള്‍ മാറ്റിസ്ഥാപിച്ചിരുന്നു. മുന്‍ പറക്കലിനിടെയുണ്ടായ ‘ഹാര്‍ഡ് ലാന്‍ഡിങ്ങി’നെ തുടര്‍ന്ന് സ്റ്റെബിലൈസര്‍ മോട്ടോര്‍ ട്രിം, സ്റ്റെബിലൈസര്‍ പൊസിഷന്‍ ട്രാന്‍സ്ഡ്യൂസര്‍, സ്റ്റെബിലൈസര്‍ ഇലക്ട്രിക് മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ മാറ്റി സ്ഥാപിച്ചതായി മെയിന്റനന്‍സ് രേഖകള്‍ പറയുന്നു.
ഇതോടെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ഗുരുതരമായ തകരാറുകള്‍ വിമാനത്തെ ബാധിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനത്തിലെ സ്റ്റെബിലൈസര്‍ സംവിധാനവും മറ്റു നിര്‍ണായക ഘടനകളും ഒരേ പവര്‍, ഡാറ്റാ പാത്തുകളാണ് പങ്കിട്ടിരുന്നത്.
വിമാനത്തിന്റെ സുരക്ഷയ്ക്ക് അതീവ നിര്‍ണായകമായ ഫയര്‍ ഇനേര്‍റ്റര്‍ സിസ്റ്റം പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന കണ്ടെത്തലാണ് ഇതില്‍ ഏറ്റവും ഗൗരവമേറിയത്. ഇന്ധന ടാങ്കില്‍ തീപിടിത്തം ഒഴിവാക്കാന്‍ രൂപകല്‍പ്പന ചെയ്ത ഈ സംവിധാനം, അപകടത്തിന് രണ്ട് ദിവസം (48 മണിക്കൂര്‍) മുമ്പ് തന്നെ എഞ്ചിനീയര്‍മാര്‍ ‘ഓഫ്ലൈന്‍’ ആക്കിയിരുന്നു.
‘ഉയര്‍ന്ന അപകടസാധ്യതയുള്ള തകരാര്‍’ (High-Risk Fault) എന്ന് തരംതിരിച്ച ഈ പ്രശ്‌നം 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കേണ്ടതായിരുന്നു. എന്നാല്‍, വിമാനം അവസാനമായി പറന്നുയര്‍ന്നപ്പോഴും ഈ സംവിധാനം പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഇന്ധന കട്ട്ഓഫ് സ്വിച്ചുകളിലെ പ്രശ്‌നങ്ങളും, പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങളുമാണ് ദുരന്തവുമായി ബന്ധപ്പെട്ടു പുറത്തുവന്ന അപകട അന്വേഷണ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍, തുടര്‍ച്ചയായ സാങ്കേതിക തകരാറുകളോടെയാണു വിമാനം പറന്നിരുന്നതെന്നാണു പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് ഇതുവരെയും ഔദ്യോഗികതലത്തിലുള്ള പ്രതികരണങ്ങള്‍ വന്നിട്ടില്ല.