ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസ് അൽ ഫലാഹ് സര്‍വകലാശാലയില്‍ ഇ.ഡിയുടെ വന്‍ റെയ്ഡ്; സ്ഥാപകന്റെ സഹോദരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അല്‍ഫലാഹ് സര്‍വകലാശാലാ ആസ്ഥാനത്തും ഡല്‍ഹി-ഫരീദാബാദ് മേഖലകളിലുമായി 25-ലധികം സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍രെ(ഇ.ഡി) വ്യാപക റെയ്ഡ്. സ്‌ഫോടനത്തിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡിയുടെ നീക്കം. സര്‍വകലാശാലാ സ്ഥാപകന്റെ സഹോദരന്‍ ഹൈദരാബാദില്‍ അറസ്റ്റിലായതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പ്രതികളായ ഡോ. ഉമര്‍ നബി അടക്കം ഉള്‍പ്പെട്ട സര്‍വകലാശാലയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് പി.എം.എല്‍.എ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് റെയ്ഡ് ശക്തമാക്കിയത്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെ ആരംഭിച്ച റെയ്ഡുകള്‍ സര്‍വകലാശാലാ ഓഫീസുകളിലും ട്രസ്റ്റിമാരുടെ സ്ഥാപനങ്ങളിലും വൈകീട്ടും തുടരുകയാണ്.
സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് ചോദ്യം ചെയ്തു. സര്‍വകലാശാലാ ട്രസ്റ്റികളുടെയും ബന്ധപ്പെട്ട ഓഫീസുകളുടെയും സാമ്പത്തിക ഇടപാടുകളുടെയും ഭരണപരമായ രേഖകളും സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. സിദ്ദിഖിയുടെ മൊഴി കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചെങ്കോട്ട സ്‌ഫോടനത്തിന്റെ ആസൂത്രണം അല്‍ഫലാഹ് പരിസരത്ത് വെച്ചാണ് നടന്നതെന്ന കണ്ടെത്തലിനു പിന്നാലെയാണ് സര്‍വകലാശാല കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. സ്‌ഫോടനം നടന്ന ദിവസം സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന ഡോ. മുസമ്മില്‍ ഷക്കീലിന്റെ വാടക വീട്ടില്‍ നിന്ന് ഏകദേശം 2,900 കിലോ ഐ.ഇ.ട നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കാറില്‍ നിന്ന് റൈഫിളും വെടിയുണ്ടകളും കണ്ടെത്തിയതിനെ തുടര്‍ന്ന് ജെയ്ഷെ മുഹമ്മദിന്റെ വനിതാ ടീമിനെ ഇന്ത്യയില്‍ സജീവമാക്കാന്‍ ചുമതല ലഭിച്ചിരുന്ന ഡോ. ഷഹീന്‍ ഷാഹിദും അറസ്റ്റിലായി. യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഡോ. ഉമറാണ് ചെങ്കോട്ട സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധമുള്ള മറ്റ് ഡോക്ടര്‍മാരെയും സര്‍വകലാശാല വളപ്പിലെ ഒരു ഇമാമിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയുമായി ബന്ധമുള്ള രണ്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സിയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീവ്രവാദികളുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അല്‍ഫലാഹ് സര്‍വകലാശാലയുടെ അംഗത്വം റദ്ദാക്കിയിരുന്നു. വ്യാജരേഖ ചമയ്ക്കല്‍ മുതല്‍ സാമ്പത്തിക വഞ്ചന വരെ ഉള്‍പ്പെടുത്തി രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകള്‍ ഡല്‍ഹി പൊലീസ് സര്‍വകലാശാലയ്ക്കെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യു.ജി.സിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ സിദ്ദിഖിക്ക് പൊലീസ് സമന്‍സ് അയച്ചിരുന്നത്.
ഇതിനിടെ, മധ്യപ്രദേശിലെ 25 വര്‍ഷം പഴക്കമുള്ള വഞ്ചനാ കേസില്‍ ഒളിവില്‍ പോയ ചാന്‍സലറുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഹൈദരാബാദില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികളും അല്‍ഫലാഹ് സര്‍വകലാശാലയും തമ്മിലുള്ള ബന്ധം, സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍, ഭരണാനുമതികള്‍ എന്നിവയെല്ലാം വിശദമായി പരിശോധിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.