ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു
ഐബി-എന്‍ഐഎ മേധാവിമാര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു
ന്യൂഡല്‍ഹി: ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ കാർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേർത്തു. രാവിലെ 11 മണിക്ക് കർത്തവ്യ ഭവനിലാണ് സുരക്ഷാ അവലോകന യോഗം നടന്നത്
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടർ തപൻ കുമാർ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് ദേത് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാത് ഓൺലൈൻ മുഖേന യോഗത്തിൽ ചേർന്നു.
ഇന്നലെ വൈകിട്ട് ആറരയോടെ നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കുമെന്ന് അമിത് ഷാ അറിയിച്ചു. എൻഐഎ, ഐബി, ഡൽഹി പോലീസ് സ്പെഷ്യൽ സെൽ എന്നിവ സംയുക്തമായി പ്രവർത്തിക്കാനും അദ്ദേഹം നിർദേശം നൽകി. ഇന്നലെ രാത്രി അദ്ദേഹം സ്ഫോടന സ്ഥലവും ലോക് നായക് ജയപ്രകാശ് ആശുപത്രിയും സന്ദർശിച്ചിരുന്നു.
സ്ഫോടനത്തിന് പിന്നാലെ ഭീകരവാദ സാധ്യതകൾ ശക്തിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്‌വതുല്‍ ഹിന്ദ് എന്നീ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഒരു അന്തർസംസ്ഥാന ശൃംഖലയെ തകര്‍ത്തതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്ത സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ ഡൽഹി എൻസിആറിലും ഉത്തർപ്രദേശ്, ബിഹാർ, മുംബൈ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലും സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. പ്രധാന കേന്ദ്രങ്ങളിൽ എൻഎസ്ജി കമാൻഡോകളെ വിന്യസിക്കുകയും അതീവ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.