ആപ്പിളിനെ കാത്തിരിക്കുന്നത് 3.16 ലക്ഷം കോടിയുടെ മുട്ടന്‍ പിഴ! ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കമ്പനി
ന്യൂഡൽഹി: ആഗോള വിറ്റുവരവിൻ്റെ അടിസ്ഥാനത്തിൽ പിഴ ചുമത്താൻ അനുവദിക്കുന്ന ഇന്ത്യയുടെ പുതിയ ആന്റിട്രസ്റ്റ് ചട്ടത്തിനെതിരെ ആപ്പിൾ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ നിയമപ്രകാരം തങ്ങൾക്കുമേൽ 38 ബില്യൺ ഡോളർ (ഏകദേശം 3.16 ലക്ഷം കോടി രൂപ) വരെ പിഴ ചുമത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് ഐഫോൺ നിർമ്മാതാക്കളുടെ നീക്കം. ഈ പിഴത്തുക ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്റേറ്റ് പിഴകളിൽ ഒന്നായാണ് നിയമവിദഗ്ധർ കണക്കാക്കുന്നത്.
ഇന്ത്യയിലെ വരുമാനത്തിന് പകരം ലോകമെമ്പാടുമുള്ള മൊത്തം വരുമാനം ഉപയോഗിച്ച് പിഴയുടെ തുക കണക്കാക്കാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) അനുവദിക്കുന്ന 2024-ലെ കോമ്പറ്റീഷൻ ആക്ട് ഭേദഗതികളാണ് ആപ്പിൾ ചോദ്യം ചെയ്യുന്നത്. ഈ വ്യവസ്ഥ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ് എന്ന് 545 പേജുള്ള ഹരജിയിൽ കമ്പനി ആരോപിക്കുന്നു.
ആപ്പ് സ്റ്റോർ വഴിയുള്ള ആപ്പിളിൻ്റെ നടപടിക്രമങ്ങളെക്കുറിച്ച് സിസിഐ നിലവിൽ അന്വേഷണം നടത്തിവരികയാണ്. ഡെവലപ്പർമാരോട് സ്വന്തം ഇൻ-ആപ്പ് പർച്ചേസ് സിസ്റ്റം ഉപയോഗിക്കാൻ ആവശ്യപ്പെടുകയും 30% വരെ കമ്മീഷൻ ഈടാക്കുകയും ചെയ്ത രീതികൾ, മറ്റ് പേയ്‌മെന്റ് രീതികളിലേക്ക് ഉപയോക്താക്കളെ നയിക്കുന്നതിൽ നിന്ന് ഡെവലപ്പർമാരെ തടയുന്ന “ആന്റിസ്റ്റിയറിങ്” വ്യവസ്ഥകൾ എന്നിവയാണു പ്രധാന പ്രശ്നമായി കണക്കാക്കുന്നത്.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയുടെ അധ്യക്ഷതയിലുള്ള ഡൽഹി ഹൈക്കോടതി ബെഞ്ച് അടുത്ത മാസം മൂന്നിന് കേസ് പരിഗണിക്കും. ആഗോള വിറ്റുവരവ് കണക്കിലെടുക്കാൻ ഭേദഗതി ചെയ്ത നിയമം വ്യക്തമായി അനുവദിക്കുന്നതിനാൽ ആപ്പിളിന് കടുത്ത നിയമപോരാട്ടം നേരിടേണ്ടിവരുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.